സിനിമാ ചിത്രീകരണത്തിനിടെ നടൻ രാംചരണിന് പരിക്കേറ്റു. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന സ്‌പോർട്‌സ്- ഡ്രാമ ചിത്രം ‘പെഡ്ഡി’ ഷൂട്ടിങ്ങിനിടെ ആണ് നടൻ രാംചരണിന് പരിക്കേറ്റത്. കണ്ണിന് മുകളിലായേറ്റ പരിക്കിനെടുത്തുടർന്ന് തുന്നലുകളിട്ടിട്ടുണ്ട്. ചൊവ്വാഴ്ചയാണ് സംഭവം.
പരിക്ക് സാരമുള്ളതല്ലെന്നും ഷൂട്ടിങ്ങിനായി ടീമിനൊപ്പം തിരിച്ചെത്തിയെന്നും നടനോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ആക്ഷൻ സീനിന്റെ ഷൂട്ടിങ്ങിനിടെയാണ് പരിക്കേറ്റത്. നാലുതുന്നലുകളുണ്ട്. കണ്ണിന് പരിക്കേറ്റുവെന്നാണ് പ്രചാരണം.അത് വാസ്തവമല്ല. കണ്ണിന് മുകളിലായാണ് പരിക്കേറ്റത്. കണ്ണിന് കുഴപ്പമൊന്നുമില്ല. പരിക്ക് ഗുരുതരമല്ലാത്തതിനെത്തുടർന്ന് അദ്ദേഹം സെറ്റിൽ തിരിച്ചെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു നിർമിക്കുന്ന ചിത്രത്തിൽ ഇഷാൻ സക്‌സേന സഹനിർമാതാവാണ്. മൈത്രി മൂവിമേക്കേഴ്‌സും സുകുമാർ റൈറ്റിങ്‌സും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ജാൻവി കപൂർ ആണ് നായിക. ശിവരാജ്കുമാർ, ജഗപതി ബാബു എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ട്.
2024 നവംബറിൽ ഷൂട്ടിങ് ആരംഭിച്ച ചിത്രത്തിന്റെ ടൈറ്റിൽ കഴിഞ്ഞവർഷം മാർച്ചിലാണ് പുറത്തുവിട്ടത്. എ.ആർ. റഹ്‌മാനാണ് സംഗീതം. ചിത്രത്തിലെ പുറത്തുവന്ന പാട്ട് വൻഹിറ്റായി മാറി.
















