ഹോളിവുഡ് ലോകത്ത് വലിയ ചർച്ചയായി സ്പൈഡർ-മാൻ താരം ടോബി മഗ്വയറുടെ (Tobey Maguire) പുതിയ മാതൃകയായ നടപടി. മുൻ ഭാര്യയും ജ്വല്ലറി ഡിസൈനറുമായ ജെന്നിഫർ മേയറുടെ (49) വിവാഹച്ചടങ്ങ് നടത്തിക്കൊടുത്തത് ടോബി തന്നെയായിരുന്നു എന്നതാണ് ആരാധകരെ ഏറ്റവും അത്ഭുതപ്പെടുത്തിയിരിക്കുന്നത്. മ്യൂസിക് എക്സിക്യൂട്ടീവ് ജെഫ് ഒഗുൻലെസിയാണ് (34) ജെന്നിഫറിനെ വിവാഹം കഴിച്ചത്.
ഹവായിയിലെ ഫോർ സീസൺസ് റിസോർട്ട് ലനായിയിൽ വെച്ചായിരുന്നു വിവാഹം. ഈ വർഷം ആദ്യം ഇവർക്ക് ഒരു പെൺകുഞ്ഞ് പിറന്നിരുന്നു.
ഔദ്യോഗികമായി വിവാഹമോചനം നേടി ആഴ്ചകൾക്കുള്ളിലാണ് ജെന്നിഫർ വീണ്ടും വിവാഹിതയായത് എന്നത് മറ്റൊരു പ്രത്യേകതയാണ്.
ലിയോനാർഡോ ഡികാപ്രിയോയും കാമുകിയും, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസും ഭാര്യ ലോറൻ സാഞ്ചസ് ബെസോസും, കോർട്ട്നി കോക്സ്, കേറ്റ് ഹഡ്‌സൺ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ടോബിക്കും ജെന്നിഫറിനുമുള്ള രണ്ട് മക്കളും വിവാഹത്തിൽ സന്നിഹിതരായിരുന്നു.















