ഇറാൻ – ഇസ്രയേൽ യുദ്ധം തുടരുന്നതിനിടെ ചെങ്കടലിന് അടിയിലെ ഇന്റർനെറ്റ് കേബിളുകള്‍ മുറിക്കുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ ലോകത്തിലെ പല രാജ്യങ്ങളിലെയും ഇന്റർനെറ്റ് സേവനങ്ങളെ ഇത് സാരമായി ബാധിച്ചേക്കും.
എന്നാൽ ഈ വിവരം ഔദ്യോഗികമായി ഇറാനിയൻ ഉദ്യോഗസ്ഥരോ ഇന്റലിജൻസ് ഏജൻസികളോ നേരിട്ട് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ചെങ്കടലിലെ ഇൻ്റർനെറ്റ് കേബിളുകൾ മുറിക്കുകയാണെങ്കിൽ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് ലെബനീസ്-ഓസ്‌ട്രേലിയൻ സംരംഭകനായ മാരിയോ നൗഫൽ ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ പറയുന്നു.
“യുഎസ് സൈനികരെ ഗൾഫ് രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുകയാണെങ്കിൽ കടലിനടിയിലെ ഇന്റർനെറ്റ് കേബിളുകൾ വിച്ഛേദിക്കുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തുകയാണ്.” നൗഫൽ പറയുന്നു. ആഗോളതലത്തിലുള്ള ഇൻ്റർനെറ്റിൻ്റെ 17% ശതമാനമാണ് ചെങ്കടലിന് അടിയിലൂടെ കടന്നുപോകുന്നത്. അവ തകരാറിലായാൽ, മണിക്കൂറുകളല്ല, മാസങ്ങളോളം ഇൻ്റർനെറ്റ് തടസ്സപ്പെട്ടേക്കും.” അദ്ദേഹം കൂട്ടിച്ചേർത്തു.
ചെങ്കടലിനടിയിലെ ഇന്റർനെറ്റ് കേബിളുകൾ എന്താണ്?
ഫൈബർ ഒപ്റ്റിക് കേബിളുകളുടെ ഒരു വലിയ ശൃംഖലയാണ് ചെങ്കടലിനടിയിലൂടെ കടന്നുപോകുന്ന ഇൻ്റർനെറ്റ് കേബിളുകള്‍. പ്രാദേശിക ഇന്റർനെറ്റിന്റെ ഏകദേശം 30 ശതമാനവും ഈ കേബിളുകൾ വഴിയാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. ഇവ ഏഷ്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നീ ഭൂഖണ്ഡങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു.
ഇന്ത്യയെ ബാധിക്കുന്നത് എങ്ങനെ?
ഒമാൻ, യു.എ.ഇ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, ഇറാഖ്, പാകിസ്ഥാൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ ലാൻഡിംഗ് സ്റ്റേഷനുകളിലൂടെയാണ് ഈ കേബിൾ കടന്നുപോകുന്നത്. ഈ രാജ്യങ്ങളിൽ മിക്കവയും നിലവിൽ സംഘർഷ മേഖലകളോട് ചേർന്നാണ് കിടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഇന്റർനെറ്റ് ഉപഭോക്താക്കളിൽ ഒന്നായ ഇന്ത്യയുടെ വലിയൊരു ഭാഗം ഡാറ്റാ ട്രാഫിക്കും പടിഞ്ഞാറൻ ഏഷ്യയിലെയും യൂറോപ്പിലെയും സെർവറുകളുമായി ബന്ധിപ്പിച്ചിരിക്കുന്നത് ഈ കേബിളുകൾ വഴിയാണ്. കേബിളുകൾക്ക് തടസ്സം നേരിട്ടാൽ ഇന്ത്യയിലെ ഇന്റർനെറ്റിൻ്റെ വേഗത, ക്ലൗഡ് സേവനങ്ങള്‍, ഡിജിറ്റൽ ബിസിനസ് പ്രവർത്തനങ്ങൾ എന്നിവയെ നേരിട്ട് ബാധിക്കും.
















