‘ധുരന്ധർ 2: ദ റിവഞ്ച്’ ഹൗസ്ഫുള്ളായി കുതിക്കുകയാണ്. ഇതിനോടകം തന്നെ പല റെക്കോർഡുകളും ചിത്രം സ്വന്തമാക്കി. രൺവീർ സിങ്, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ തുടങ്ങിയ താരങ്ങളുടെ പ്രകടനത്തെ പ്രേക്ഷകർ പ്രശംസിക്കുമ്പോൾ, വാഹനപ്രേമികളുടെ കണ്ണ് ഉടക്കിയത് സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന കരുത്തുറ്റ കാറുകളിലാണ്. ഹംസ അലി മസാരി, എസ്പി ചൗധരി അസ്ലം തുടങ്ങിയ കഥാപാത്രങ്ങളുടെ സ്വഭാവത്തിന് അനുയോജ്യമായ വാഹനങ്ങൾ തിരഞ്ഞെടുക്കുന്നതിൽ സംവിധായകൻ ആദിത്യ ധർ പ്രത്യേക ശ്രദ്ധ പുലർത്തിയിട്ടുണ്ട്. ചിത്രത്തിലെ പ്രധാന വാഹനങ്ങൾ ഏതൊക്കെയെന്നു നോക്കാം.
ഹമ്മർ എച്ച്2
സിനിമയുടെ ആദ്യ ഭാഗത്തിൽ റഹ്മാൻ ഡക്കൈറ്റിന്റെ സംഘത്തിലെ ഒരു സാധാരണ ഗുണ്ടയായി ബൈക്കിൽ സഞ്ചരിച്ചിരുന്ന ഹംസ അലി മസാരി, രണ്ടാം ഭാഗത്തിൽ ‘ലിയാരിയുടെ ബാദ്‌ഷാ’ ആയി മാറുമ്പോൾ തന്റെ വാഹനവും പരിഷ്കരിച്ചിരിക്കുകയാണ്.രണ്ടാം ഭാഗത്തിൽ ഹമ്മർ എച്ച്2-വാണ് നിർമാതാക്കൾ കൊണ്ടുവന്നിട്ടുള്ളത്. മൈക്ക് ടൈസൺ, അർണോൾഡ് ഷ്വാർസെനെഗർ തുടങ്ങിയവരുടെ പ്രിയ വാഹനമായ ഹമ്മർ, യുദ്ധക്കളങ്ങളിൽ ഉപയോഗിക്കുന്ന വാഹനങ്ങളിൽ നിന്നാണ് വികസിപ്പിച്ചെടുത്തത്. സിനിമയിലെ മരുഭൂമികളിലൂടെയുള്ള യാത്രയ്ക്ക് ഒരു വാർലോഡിന് (Warlord) ചേർന്ന ഏറ്റവും മികച്ച വാഹനമാണിത്.
ടൊയോട്ട ഹിലക്സ്
ഷെർ-ഇ-ബലോച്ച് യാത്രയ്ക്കായി ഹമ്മർ ഉപയോഗിക്കുമ്പോൾ, ആയുധങ്ങളും മറ്റും കടത്തുന്നതിനായി ആശ്രയിക്കുന്നത് ടൊയോട്ട ഹൈലക്സ് എന്ന കരുത്തുറ്റ പിക്ക് അപ്പ് ട്രക്കിനെയാണ്. എത്ര മോശം റോഡുകളിലും ഓടിക്കാവുന്നതും തകരാറുകൾ സംഭവിക്കാത്തതുമായ വാഹനമാണിത്. 1968 മുതൽ നിലവിലുള്ള ഹൈലക്സിനെ വരെ ആയുധങ്ങൾ കടത്തുന്നതുപോലുള്ള കഠിനമായ ജോലികൾക്ക് അനുയോജ്യമാക്കുന്നു.
ലാൻഡ് റോവർ ഡിഫൻഡർ
ഐഎസ്ഐ (ISI) മേജറായ ഇഖ്ബാലിന്റെ വാഹനമാണ് ലാൻഡ് റോവർ ഡിഫൻഡർ. ലോകമെമ്പാടും വലിയ ജനപ്രീതിയുള്ള ഈ എസ്‌യുവി, ആഡംബരത്തോടൊപ്പം ഏത് കഠിനമായ ഭൂപ്രകൃതിയും കീഴടക്കാൻ ശേഷിയുള്ളതുമാണ്. സിനിമയിൽ കാണിച്ചിരിക്കുന്നതിൽ വെച്ച് ഏറ്റവും വിലപിടിപ്പുള്ള വാഹനങ്ങളിൽ ഒന്നാണിത്. ഒരു മേജറുടെ ഗാംഭീര്യത്തിന് ചേർന്ന യാത്ര തന്നെയാണ് ഇതിലൂടെ ലഭിക്കുന്നത്.
















