ടിവിഎസ് മോട്ടോര്‍, തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറായ ടിവിഎസ് ഐക്യൂബ് എസിന്റെ പുതിയ പതിപ്പ് പുറത്തിറക്കി. വലിയ ബാറ്ററി പായ്ക്ക് ആണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. 4.7 kWh ബാറ്ററി പാക്കോടു കൂടിയാണ് പുതിയ പതിപ്പ് അവതരിപ്പിച്ചത്.
1,37,142 രൂപയാണ് സ്‌കൂട്ടറിന്റെ വില (ഡല്‍ഹിയിലെ എക്‌സ്-ഷോറൂം വില). ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 175 കിലോമീറ്റര്‍ റേഞ്ച് ഇത് വാഗ്ദാനം ചെയ്യുന്നു. 145 കിലോമീറ്റര്‍ റേഞ്ച് ഉണ്ടായിരുന്ന പഴയ 3.5kWh പതിപ്പിനേക്കാള്‍ വലിയൊരു മുന്നേറ്റമാണിത്. ബാറ്ററി പരിഷ്‌കരണത്തിന് പുറമെ, പേര്‍പ്പിള്‍ ബീജ് , ബ്ലൂ ബീജ് എന്നീ രണ്ട് പുതിയ ഡ്യുവല്‍ ടോണ്‍ നിറങ്ങളിലും സ്‌കൂട്ടര്‍ ലഭ്യമാണ്.
ബാറ്ററി പാക്കിന്റെ ഭാരം കൂടിയതോടെ സ്‌കൂട്ടറിന്റെ ആകെ ഭാരവും വര്‍ദ്ധിച്ചിട്ടുണ്ട്. 128.8 കിലോഗ്രാമാണ് ഇതിന്റെ ഇപ്പോഴത്തെ ഭാരം. അതായത് 3.5kWh പതിപ്പിനേക്കാള്‍ ഏകദേശം 10 കിലോ ഭാരം കൂടുതലുണ്ട്. ബ്രേക്കിങ്ങിനായി ഡിസ്‌ക്-ഡ്രം കോമ്പിനേഷനാണ് ഉപയോഗിച്ചിരിക്കുന്നത്.
ഈ മാറ്റങ്ങള്‍ ഒഴികെ സ്‌കൂട്ടറിന്റെ മറ്റെല്ലാ സവിശേഷതകളും പഴയതുപോലെ തന്നെ തുടരുന്നു. ഇതിലെ 4.4kW മോട്ടോര്‍ പരമാവധി 82 കിലോമീറ്റര്‍ വേഗം നല്‍കുന്നു. പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 4.3 സെക്കന്‍ഡ് മതി.
പ്രധാന വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വലിയ ടിഎഫ്ടി (TFT) സ്‌ക്രീന്‍ ഇതിലുണ്ട്. 32 ലിറ്റര്‍ അണ്ടര്‍സീറ്റ് സ്റ്റോറേജ്, യുഎസ്ബി ചാര്‍ജര്‍, നാവിഗേഷന്‍, സ്മാര്‍ട്ട്ഫോണ്‍ അലര്‍ട്ടുകള്‍ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. 12 ഇഞ്ച് വീലുകളുള്ള സ്‌കൂട്ടറില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും ട്വിന്‍ ഷോക്ക് അബ്‌സോര്‍ബറുകളും സസ്‌പെന്‍ഷനായി നല്‍കിയിരിക്കുന്നു.
















