കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭക്കെതിരായ ലീഗ് നേതാവിന്റെ അധിക്ഷേപ പരാമർശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഇടപെടൽ. സംഭവത്തിൽ ആലപ്പുഴ ജില്ലാ കളക്ടറോട് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. ഉച്ചയ്ക്ക് ഒരു മണിക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം.
പ്രതിഭയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതിന് യുഡിഎഫ് കൺവീനർ എ. ഇർഷാദിനെ മുസ്ലീം ലീഗ് പുറത്താക്കിയിരുന്നു. സ്ത്രീ വിരുദ്ധ പരാമർശത്തിൽ മുഖ്യമന്ത്രി അടക്കമുള്ളവർ കഴിഞ്ഞ ദിവസം അപലപിക്കുകയും ചെയ്തു.
വികസന പ്രവർത്തനങ്ങൾ ഒന്നും ചെയ്യാതെ വാക്ചാചതുര്യം കൊണ്ടും ശരീര അഴക് കൊണ്ടും വീണ്ടും തെരഞ്ഞെടുപ്പിലേക്ക് വരികയാണ് എന്നാണ് യുഡിഎഫ് മണ്ഡലം കൺവീനറും ലീഗ് നേതാവുമായ ഇർഷാദ് ചക്കാലശ്ശേരിയുടെ വിവാദ പരാമർശം.
















