രാഹുൽ ഗാന്ധിയുടെ ‘ഡീൽ’ ആരോപണങ്ങൾക്ക് അതേ നാണയത്തിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു അഖിലേന്ത്യ നേതാവാണെന്ന് പറയുമ്പോഴും രാഷ്ട്രീയ വിഷയങ്ങളിൽ ഒരു പ്രാദേശിക നേതാവിന്റെ ധാരണ പോലും രാഹുൽ പുലർത്തുന്നില്ലെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. ഹരിയാനയിലും ഡൽഹിയിലും ബിജെപിയുടെ വിജയത്തിന് വഴിയൊരുക്കിയ കോൺഗ്രസ് ആണ് യഥാർത്ഥത്തിൽ ബിജെപിയുടെ ‘ബി ടീം’ ആയി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
”കണ്ടാലും കൊണ്ടാലും പഠിക്കാത്ത സ്വഭാവമാണ് രാഹുലിന്റേത്,” എന്നായിരുന്നു മുഖ്യമന്ത്രിയുടെ രൂക്ഷവിമർശനം. ഉയർന്ന രാഷ്ട്രീയ പദവിയിലിരിക്കുന്ന ഒരാൾ വസ്തുതകൾ മനസ്സിലാക്കാതെ ആരോപണങ്ങൾ ഉന്നയിക്കുന്നത് അധഃപതനത്തിന്റെ ആഴമാണ് വ്യക്തമാക്കുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട രാഷ്ട്രീയ സാഹചര്യങ്ങളെ നേരെചൊവ്വേ മനസ്സിലാക്കാൻ പോലും രാഹുൽ ഗാന്ധിക്ക് സാധിക്കുന്നില്ലെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ആം ആദ്മി പാർട്ടിക്കെതിരെ കോൺഗ്രസ് സ്വീകരിച്ച നിലപാടുകൾ ബിജെപിയെ സഹായിക്കുന്നതായിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് ആവശ്യപ്പെട്ടത് കോൺഗ്രസ് ആയിരുന്നുവെന്നും എന്നാൽ അദ്ദേഹം പിന്നീട് കുറ്റവിമുക്തനായെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ഡൽഹിയിൽ ബിജെപിയുടെ ബി ടീമായി കോൺഗ്രസ് മാറിയത് ഇതിന്റെ തെളിവാണ്. സമാനമായ സാഹചര്യം തന്നെയായിരുന്നു ഹരിയാനയിലും ഉണ്ടായത്. ബിജെപി ഇതര കൂട്ടായ്മകൾ ഉണ്ടാകുന്നതിന് വിഘാതമായി നിൽക്കുന്നത് കോൺഗ്രസിന്റെ ഇത്തരം നിലപാടുകളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സിപിഎം എന്നും സ്വീകരിച്ചിട്ടുള്ളതെന്ന് പിണറായി വിജയൻ വ്യക്തമാക്കി. അധികാരത്തിനായി ബിജെപിയുമായി ഒത്തുതീർപ്പുണ്ടാക്കുന്ന ചരിത്രം കോൺഗ്രസിന്റേതാണ്. രാഹുൽ ഗാന്ധിയുടെ ബാലിശമായ ആരോപണങ്ങൾ കേരളത്തിലെ ജനങ്ങൾ തള്ളിക്കളയുമെന്നും അദ്ദേഹം വ്യക്തമാക്കി.
















