കർണാടകയിൽ കുടുംബകലഹത്തെത്തുടർന്ന് റോഡരികിൽ വെച്ച് ഭാര്യയെ ക്രൂരമായി മർദിച്ച ശേഷം ഭർത്താവ് ശരീരത്തിലൂടെ കാർ ഓടിച്ചു കയറ്റി കൊലപ്പെടുത്തി. അക്ഷയും ഭാര്യ ഷൈലയും (28) കാറിൽ ഗംഗാപുര എന്ന തീർഥാടന കേന്ദ്രത്തിലേക്ക് പോവുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രാവിലെ 11 മണിയോടെ ബല്ലൂർഗ ഗ്രാമത്തിനു സമീപം വച്ച് ദമ്പതികൾ തമ്മിൽ തർക്കമുണ്ടാവുകയും അക്ഷയ് ഷൈലയെ വാഹനത്തിൽ നിന്ന് പുറത്തേക്ക് തള്ളിയിടുകയും ചെയ്തു.
ദമ്പതികൾ വിവാഹിതരായിട്ട് നാല് വർഷമായെന്നും ഇവർ മഹാരാഷ്ട്രയിലെ ബാരാമതി സ്വദേശികളാണെന്നും പൊലീസ് സൂപ്രണ്ട് അദ്ദുരു ശ്രീനിവാസുലു പറഞ്ഞു. ഷൈലയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന അക്ഷയിന്റെ സംശയമാണ് കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്നും ഭർത്താവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
















