ഭർത്താവുമായി വേർപിരിഞ്ഞാണ് കഴിയുന്നതെന്ന് വെളിപ്പെടുത്തി സീരിയൽ താരം ഗൗരി കൃഷ്ണൻ. പുതിയ യൂട്യുബ് വ്ലോഗിൽ പ്രേക്ഷകരുമായി സംവദിക്കുന്നതിനിടെയാണ് നടി ഇക്കാര്യത്തെക്കുറിച്ച് മനസുതുറന്നത്. ‘ചേട്ടൻ എവിടെ ? അങ്ങോട്ട് പോകുന്നില്ലേ?’ എന്ന പ്രേക്ഷകയുടെ ചോദ്യത്തിനു മറുപടിയാണ്, തങ്ങൾ പിരിഞ്ഞാണ് താമസിക്കുന്നതെന്ന് നടി വെളിപ്പെടുത്തിയത്.
ഗൗരിയുടെ മറുപടിയിൽ വിഷമം അറിയിച്ച്, ‘ചേട്ടൻ പാവമല്ലേ, ജീവിതത്തിൽ ഒരു കൂട്ട് വേണ്ടെ?’ എന്ന് ചോദിക്കുമ്പോൾ അതിനും കൃത്യമായ വിശദീകരണം നടി നൽകുന്നുണ്ട്.
‘‘കൂട്ടു വേണം അതാണ് എന്റെയും പ്രശ്നം. പക്ഷേ അത് രണ്ട് പേർക്കും വേണം എന്നു തോന്നണം എന്നാലേ കാര്യമുള്ളൂ. പിന്നെ നല്ലൊരു കൂട്ടാകാൻ പറ്റാത്തതുകൊണ്ടു തന്നെ ആണ് ഇങ്ങനെയൊരു തീരുമാനം. അല്ലാതെ ആരും മോശമായതുകൊണ്ടല്ല.
എന്തായാലും എല്ലാവരും ഒരിക്കൽ മരിക്കും. അതിനു മുമ്പ് നമ്മൾ ആഗ്രഹിക്കുന്ന പോലെ ജീവിക്കണം. ഇന്നലെ വന്ന ആർക്കൊക്കെയോ വേണ്ടി വിലപ്പെട്ട ജീവിതം അഡ്ജസ്റ്റ് ചെയ്യുന്നതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല. രണ്ട് പേർക്കും ഇഷ്ടം ഒരുപോലെ ഉണ്ടെങ്കിൽ എല്ലാം നല്ലതാകും.
സ്നേഹം നിർബന്ധിച്ച് നേടിയെടുക്കാൻ കഴിയില്ല! അത് സ്വാഭാവികമായി ഉടലെടുക്കേണ്ടതാണ്. മറ്റുള്ളവർക്ക് ഒരു ശല്യം ആകാതെ മാറി പോകുന്നതും ഒരു സെല്‍ഫ് റെസ്പക്ട് ആണ്. ഒന്നിച്ച് ജീവിക്കുക എന്നതിന് ഒരുപാട് അർഥം ഉണ്ട്. ഒന്നുമില്ലെങ്കിലും നമുക്ക് ഒന്നു സംസാരിക്കാൻ എങ്കിലും ഒരു കൂട്ട് േവണ്ടേ? ഞാൻ കല്യാണം കഴിച്ചത് എനിക്കൊരു കൂട്ടിനുവേണ്ടിയാണ്. അല്ലാതെ സമൂഹത്തിനു മുന്നിൽ ഷോ ഓഫ് ചെയ്യാനല്ല.’’–ഗൗരിയുടെ വാക്കുകൾ.
മിനി സ്‌ക്രീന്‍ സീരിയലുകള്‍ക്ക് പുറമെ യൂട്യൂബ് വ്‌ളോഗുകളിലൂടെയും സ്ഥിരം പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ഗൗരി കൃഷ്ണന്‍ . തന്റെ വിശേഷങ്ങളും ചിത്രകളും എല്ലാം ഗൗരി അറിയിച്ചിരുന്നത് യൂട്യൂബ് ചാനലിലൂടെയാണ്. എന്നാല്‍ മാസങ്ങളോളമായി ആ ചാനലില്‍ യാതൊരു തര അനക്കവുമില്ല. ഇന്‍സ്റ്റഗ്രാമില്‍ ഷോട്ട് വിഡിയോകള്‍ പങ്കുവയ്ക്കുന്നുണ്ടെങ്കിലും ഗൗരി എവിടെയാണ്, എന്തുകൊണ്ടാണ് യൂട്യൂബ് വ്‌ളോഗുകള്‍ പങ്കുവയ്ക്കാത്തത് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ സ്ഥിരമായിരുന്നു
നീണ്ട ആറ് മാസങ്ങള്‍ക്ക് ശേഷമാണ് പുതിയ വ്‌ളോഗുമായി ഗൗരി കൃഷ്ണന്‍ എത്തിയത്. ഇത്രയും മാസം എവിടെയായിരുന്നു എന്തായിരുന്നു എന്നൊക്കെ ചോദിച്ച ആരാധകരോട് നടി തന്റെ സ്‌നേഹം അറിയിക്കുന്നു. തീര്‍ച്ചയായും നിങ്ങളുടെ സ്‌നേഹവും അന്വേഷണം തിരക്കലും തന്നോടുള്ള സ്‌നേഹവും കരുതലും ആണെന്ന് മനസ്സിലാക്കി തന്നെയാണ് ഇനി വിഡിയോ സ്ഥിരം പങ്കുവയ്ക്കാം എന്ന് ഗൗരി പറയുന്നത്.
‘‘ജീവിതത്തിലെ വലിയൊരു ട്വിസ്റ്റ് ആൻഡ് ടേണ്‍സും റോളര്‍ കോസ്റ്റര്‍ റൈഡിനുമൊക്കെ ശേഷം അവസാനം ഞാന്‍ ട്രാക്കിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഒരുപാടു പേർ എന്നോടു ചോദിച്ചിരുന്നു, എന്താണ് വിഡിയോകൾ ഇടാത്തത്, സീരിയൽ ചെയ്യാത്തത് എന്നൊക്കെ. സീരിയൽ ഒക്കെ ഉടനെ തുടങ്ങും. ഒരു തിരിച്ചുവരവിന് തയാറെടുക്കുകയാണ്. എന്നെ അന്വേഷിച്ച എല്ലാവരോടുമുള്ള സ്നേഹവും നന്ദിയും അറിയിക്കുന്നു. അഭിനയവും യൂട്യൂബും എല്ലാം നിർത്തിയിരുന്നു.
ജീവിതം തന്നെ മൊത്തത്തില്‍ ഒന്ന് ബ്രേക്കായിരുന്നു. ആ ബ്രേക്കില്‍ നിന്ന് വീണ്ടുമൊരു റീ സ്റ്റാര്‍ട്ട് പോലെ തുടങ്ങുകയാണ്. ഇതുവരെ ലഭിച്ച പിന്തുണയും സ്‌നേഹവും ഇനിയും പ്രതീക്ഷിക്കുന്നു.’’–ഗൗരിയുടെ വാക്കുകൾ.
വ്ഗോനു താഴെയായി ഭർത്താവ് മനോജിനെ ചോദിച്ച് നിരവധിപേർ എത്തുകയുണ്ടായി. വിഡിയോയ്ക്കു താഴെ ഭർത്താവിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കെല്ലാം ഗൗരി മറുപടി നൽകി.
പ്രേക്ഷകയുടെ ചോദ്യം: പിരിഞ്ഞുവെന്ന് അറിഞ്ഞപ്പോൾ ഒരു വിഷമം. ചേട്ടന്റെ അമ്മയൊക്കെ നല്ല സ്വീറ്റ് ആയിരുന്നു. ഗൗരിയെപോലെ ഒരു ചിരികുടുക്ക ആയിരുന്നു.രണ്ടാളും ഒന്ന് സംസാരിച്ച സോൾവ് ചെയ്യാവുന്ന പ്രശ്നം ആണെങ്കിൽ അങ്ങനെ നോക്കു. നല്ല രീതിയിൽ മുമ്പോട്ട് പോകാൻ പറ്റുന്നില്ല എങ്കിൽ പിരിയുന്നത് ആണ് നല്ലത്. ഗൗരിയുടെ ജീവിതമാണ്, പറയാൻ ഞാൻ ആരുമല്ല എന്നാലും രണ്ടാളും ഉള്ള വിഡിയോസ് കാണുമ്പോൾ ഒരു മിസ്സിങ്.
‘‘നിങ്ങളുടെ നല്ല വാക്കുകൾക്കു നന്ദി. വിഡിയോകളിൽ കാണിക്കുന്നതുപോലെയല്ല സത്യത്തിൽ ആളുകൾ. ഞാൻ ആരുടെയും ജീവിതത്തിൽ ഒരു ഭാരമാകാൻ ആഗ്രഹിക്കുന്നില്ല. സ്നേഹം പിടിച്ചു വാങ്ങാൻ പറ്റാത്ത ഒന്നാണ്.’’–മറുപടിയായി ഗൗരി കുറിച്ചു.
2022ലാണ് ഗൗരി എം.കൃഷ്ണനും സംവിധായകൻ മനോജ് പേയാടും വിവാഹിതരാകുന്നത്. ഗൗരി നായികയായ പൗർണിത്തിങ്കൾ സീരിയലിന്റെ സംവിധായകനായിരുന്നു മനോജ് പേയാട്.
അഭിനയത്തോടൊപ്പം വ്ലോഗറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായും ശ്രദ്ധ നേടിയ താരമാണ് ഗൗരി. കോട്ടയം സ്വദേശിയാണ്. ‘അനിയത്തി’ എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. പൗർണമിത്തിങ്കൾ എന്ന പരമ്പരയിലൂടെ നിരവധി ആരാധകരെയും സ്വന്തമാക്കി.
















