പാലക്കാട് ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച പരാതിയിൽ ആരോപണ വിധേയനായ കോൺഗ്രസ് കൗൺസിലറെ പാർട്ടിയിൽ നിന്നും മറ്റു സ്ഥാനങ്ങളിൽ നിന്നും പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ അറിയിച്ചു. പാലക്കാട് നഗരസഭ കൗൺസിലറായ പ്രശോഭ് സി വത്സനെയാണ് കോൺഗ്രസ് പുറത്താക്കിയത്.
അതോടൊപ്പം കൗൺസിലർ സ്ഥാനം രാജിവെക്കണമോ എന്ന് പ്രശോഭമാണ് തീരുമാനിക്കേണ്ടത് എന്നും ധാർമികത ഉണ്ടെങ്കിൽ സ്ഥാനം രാജിവെക്കണമെന്നും ഡിസിസി പ്രസിഡന്റ് അറിയിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു പ്രശോഭിനെതിരെ ദളിത് യുവതി പീഡന പരാതി നൽകിയത്. ജോലി വാഗ്ദാനം ചെയ്ത് രണ്ട് തവണ താൻ താമസിക്കുന്ന സ്ഥലത്ത് വെച്ചും ഒരുതവണ ജില്ലാ ആശുപത്രിയുടെ പരിസരത്ത് കാറിൽ വെച്ചും ഒരുതവണ നഗരത്തിലെ ലോഡ്ജ് മുറിയിൽ വെച്ചും പീഡിപ്പിച്ചതായാണ് പരാതി. അതോടൊപ്പം ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ഗർഭം അലസാൻ ഉള്ള ഗുളിക വാങ്ങിത്തരാം എന്ന് പറഞ്ഞെന്നും തന്റെ ജീവന് തന്നെ ഭീഷണിയുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു. സംഭവത്തിൽ പ്രശോഭ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
















