ഇറാനെതിരായ അമേരിക്കയുടെ സൈനിക നീക്കങ്ങൾ ലക്ഷ്യത്തോടടുക്കുകയാണെന്നും വരും ആഴ്ചകൾക്കുള്ളിൽ തന്നെ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ സാധിക്കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. മാസങ്ങൾ നീളുന്ന ഒരു യുദ്ധത്തിനല്ല, മറിച്ച് നിശ്ചിത സമയത്തിനുള്ളിൽ കൃത്യമായ ലക്ഷ്യങ്ങൾ കൈവരിക്കാനാണ് അമേരിക്ക പദ്ധതിയിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഫ്രാൻസിൽ നടന്ന ജി7 വിദേശകാര്യ മന്ത്രിമാരുടെ നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറാനെതിരായ സൈനിക നടപടികൾ നിലവിൽ നിശ്ചയിച്ച സമയക്രമത്തേക്കാൾ വേഗത്തിലാണ് പുരോഗമിക്കുന്നതെന്ന് റൂബിയോ അവകാശപ്പെട്ടു. “ഇതൊരു നീണ്ട പോരാട്ടമാകുമെന്ന് ഞങ്ങൾ കരുതുന്നില്ല. മാസങ്ങളല്ല, ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ദൗത്യം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇറാന്റെ സൈനിക ശേഷി തകർക്കുക എന്ന ലക്ഷ്യത്തിൽ ഞങ്ങൾ ഏറെ മുന്നേറിക്കഴിഞ്ഞു,” അദ്ദേഹം പറഞ്ഞു. ഇറാന്റെ മിസൈൽ-ഡ്രോൺ ഉൽപ്പാദന കേന്ദ്രങ്ങൾ, നാവിക-വ്യോമ സേനാ ആസ്ഥാനങ്ങൾ എന്നിവ തകർക്കുന്നതിലൂടെ മേഖലയിലെ ഭീഷണി ഇല്ലാതാക്കുകയാണ് വാഷിംഗ്ടൺ ലക്ഷ്യമിടുന്നത്.
കരയുദ്ധത്തിന്റെ ആവശ്യമില്ലാതെ തന്നെ ലക്ഷ്യങ്ങൾ നേടാനാകുമെന്ന ആത്മവിശ്വാസമാണ് സ്റ്റേറ്റ് സെക്രട്ടറി പങ്കുവെച്ചത്. നിലവിൽ വ്യോമ-നാവിക ആക്രമണങ്ങളിലൂടെ തന്നെ ഇറാന്റെ പ്രതിരോധ നിരയെ ദുർബലപ്പെടുത്താൻ അമേരിക്കയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ, സാഹചര്യങ്ങൾ പെട്ടെന്ന് മാറാനുള്ള സാധ്യത കണക്കിലെടുത്ത് ഏത് അടിയന്തര ഘട്ടത്തെയും നേരിടാൻ പ്രസിഡന്റിന് കൂടുതൽ സൈനിക ഓപ്ഷനുകൾ നൽകുന്നതിനായി പശ്ചിമേഷ്യയിൽ അധിക സൈനികരെ വിന്യസിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















