മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും നീതി ലഭിച്ചിട്ടില്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത. മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടും മറുപടി ലഭിച്ചില്ല. മെഡിക്കല്‍ കോളജില്‍ നിന്നും, ആരോഗ്യ മന്ത്രിയുടെ ഓഫീസില്‍ നിന്നും പരിഹാസം നേരിട്ടു. അക്രമിയെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും അതിജീവിത പറഞ്ഞു. കേസ് കോടതിയില്‍ നടക്കുന്നു എന്നല്ലാതെ തനിക്ക് നീതി ലഭിച്ചിട്ടില്ലെന്ന് അതിജീവിത പറഞ്ഞു. കഴിഞ്ഞ മാസവും മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. കത്ത് അവിടെ എത്തി എന്നുള്ള മെസേജും വന്നു. പക്ഷേ അതിനൊരു മറുപടിയും കിട്ടിയില്ല. മെഡിക്കല്‍ കോളജില്‍ ജോലി ചെയ്യുന്ന ആളുകള്‍ തന്നെ മുഖത്ത് നോക്കി ചിരിച്ച സംഭവം ഉണ്ട്. ഓപ്പറേഷന്‍ കഴിഞ്ഞ് പൂര്‍ണമയക്കത്തില്‍ കിടക്കുന്ന എന്നെ അക്രമിച്ച ഒരാളെ ഇത്രയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു – അതിജീവിത പറഞ്ഞു.
2023 മാര്‍ച്ചിലാണ് മെഡിക്കല്‍ കോളജില്‍ തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ കഴിയുകയായിരുന്ന യുവതിയെ ആശുപത്രിയിലെ അറ്റന്‍ഡര്‍ ആയിരുന്ന എംഎം ശശീന്ദ്രന്‍ എന്ന വ്യക്തി ലൈഗികമായി പീഡിപ്പിച്ചത്. കുറ്റം ചെയ്തുവെന്ന് കണ്ടെത്തിയ ശശീന്ദ്രനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. കേസില്‍ അതിജീവിതയെ ഭീഷണിപ്പെടുത്തിയ ജീവനക്കാര്‍ക്ക് വീണ്ടും ആശുപത്രിയില്‍ നിയമനം നല്‍കിയത് വിവാദമായിരുന്നു. ഇതില്‍ വ്യാപക പ്രതിഷേധമുയരുകയും അതിജീവിത സമരരംഗത്തേക്ക് കടക്കുകയും ചെയ്തിരുന്നു.
Story Highlights : Kozhikode medical college ICU rape case; justice has not been served ; survivor
















