പശ്ചിമേഷ്യൻ പോരാട്ടം പുതിയ വഴിത്തിരിവിൽ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടുകൊണ്ട് യെമനിലെ ഹൂതി വിമതരും യുദ്ധത്തിൽ നേരിട്ട് പങ്കുചേർന്നു. ഇതോടെ പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കൂടുതൽ സങ്കീർണ്ണമാകുകയാണ്.
ഹൂതികൾ വിട്ട ഒരു മിസൈൽ ഇസ്രയേൽ പ്രതിരോധ സംവിധാനം വിജയകരമായി തകർത്തെങ്കിലും, ചെങ്കടൽ മേഖല യുദ്ധക്കളമാകുമെന്ന ഭീതി ശക്തമായിരിക്കുകയാണ്.
ഇറാനും അവരുടെ സഖ്യകക്ഷികൾക്കും നേരെയുള്ള ആക്രമണം നിർത്തുന്നത് വരെ ഇസ്രയേലിനെതിരായ നടപടികൾ തുടരുമെന്ന് ഹൂതികൾ പ്രഖ്യാപിച്ചു.
നേരത്തെ തന്നെ ലെബനീസ് സംഘടനയായ ഹിസ്ബുള്ള യുദ്ധത്തിൽ കക്ഷിചേർന്നിരുന്നു. ഇസ്രയേൽ ലെബനനിൽ നടത്തിയ പ്രത്യാക്രമണങ്ങളിൽ ഇതിനോടകം 1,100-ഓളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ഇറാനിൽ അമേരിക്ക കരയുദ്ധത്തിന് മുതിർന്നേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ഇറാൻ ശക്തമായ മുന്നറിയിപ്പാണ് നൽകുന്നത്. അമേരിക്ക നേരിട്ട് ഇടപെട്ടാൽ ഹൂതികളെ ഉപയോഗിച്ച് ചെങ്കടലിലെ കപ്പൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുത്തുമെന്നാണ് ഇറാന്റെ ഭീഷണി.
















