എൽഡിഎഫ്-എസ്ഡിപിഐ രഹസ്യ ധാരണയുണ്ടെന്ന ആരോപണങ്ങളെ പൂർണ്ണമായും തള്ളി ജോൺ ബ്രിട്ടാസ് എംപി. ഈ വിഷയത്തിൽ സിപിഎമ്മിന് യാതൊരുവിധ ആശയക്കുഴപ്പവുമില്ലെന്നും പാർട്ടിയുടെ നിലപാട് ഏറെ വ്യക്തമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തീവ്ര വർഗീയ സ്വഭാവമുള്ള ഒരു സംഘടനയുടെയും വോട്ടോ പിന്തുണയോ ഇടതുമുന്നണിക്ക് ആവശ്യമില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
ഇടതുപക്ഷം ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷ നയങ്ങളെ അംഗീകരിക്കുന്ന ആർക്കും വോട്ട് ചെയ്യാമെന്നും എന്നാൽ അത് ഏതെങ്കിലും സംഘടനയുമായുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമല്ലെന്നും ബ്രിട്ടാസ് വിശദീകരിച്ചു. എസ്ഡിപിഐയെ പോലുള്ള സംഘടനകളെ ഇടതുപക്ഷം എന്നും ശക്തിയുക്തം എതിർക്കുന്നവരാണെന്നും അതിൽ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, തളിപ്പറമ്പ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചും അദ്ദേഹം വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിലവിലുള്ള ഭൂരിപക്ഷത്തേക്കാൾ വലിയ മാർജിനിൽ ഇത്തവണ എൽഡിഎഫ് സ്ഥാനാർത്ഥി വിജയിക്കുമെന്ന് ബ്രിട്ടാസ് അവകാശപ്പെട്ടു. പാർട്ടിയിൽ നിന്ന് പുറത്തുപോയ ടി.കെ. ഗോവിന്ദനൊപ്പം ഒരൊറ്റ പാർട്ടി പ്രവർത്തകൻ പോലും പോയിട്ടില്ലെന്നും തളിപ്പറമ്പിലെ ഇടത് കോട്ട തകർക്കാൻ ആർക്കും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
















