സംസ്ഥാനത്തെ ഭവനനിർമ്മാണ പദ്ധതികളുടെ കണക്കുകൾ നിരത്തി മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടുള്ള സംവാദത്തിന് വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉമ്മൻചാണ്ടി സർക്കാരിന്റെ അഞ്ച് വർഷത്തെ കാലയളവിൽ നിർമ്മിച്ച വീടുകളുടെ എണ്ണം പോലും കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫ് ഭരണത്തിൽ പൂർത്തിയായിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. നിയമസഭയിൽ വിവിധ വകുപ്പുകൾ നൽകിയ മറുപടികൾ തന്നെ ഇതിന് തെളിവാണെന്നും സതീശൻ വ്യക്തമാക്കി.
താൻ വസ്തുതകൾ പഠിച്ചു സംസാരിക്കുമ്പോഴെല്ലാം ‘നുണേഷൻ’ എന്ന് വിളിച്ച് അധിക്ഷേപിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തന്നെ രാഷ്ട്രീയമായി തകർക്കുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും, എന്നാൽ വരും ദിവസങ്ങളിൽ ആരാണ് യഥാർത്ഥ ‘നുണേഷൻ’ എന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികസന കാര്യങ്ങളിൽ ഏത് വേദിയിലും മുഖ്യമന്ത്രിയുമായി തുറന്ന സംവാദത്തിന് താൻ തയ്യാറാണെന്നും സതീശൻ വെല്ലുവിളിച്ചു.
വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ അദ്ദേഹം കടുത്ത വിമർശനം ഉന്നയിച്ചു. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി സർക്കാർ പ്രഖ്യാപിച്ച വീടുകളിൽ ഇതുവരെ ഒരാൾക്ക് പോലും താമസിക്കാനായിട്ടില്ല. സ്ഥലം വാങ്ങുന്ന കാര്യത്തിൽ പോലും ഒരു വർഷത്തോളം കാലതാമസമാണ് സർക്കാർ വരുത്തിയത്. പുനരധിവാസത്തിനായി കോൺഗ്രസിന് പ്രത്യേകം സ്ഥലം വിട്ടുനൽകാൻ സർക്കാർ തയ്യാറാകാത്തതിനാലാണ് പാർട്ടി നേരിട്ട് ഭൂമി വാങ്ങേണ്ടി വന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
കോൺഗ്രസ് സ്വന്തം നിലയിൽ വാങ്ങിയ ഭൂമിയിൽ വീട് നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. ഇവിടെ അതിക്രമിച്ച് കയറാൻ ആരെയും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ സതീശൻ, കഴിഞ്ഞ ദിവസം അവിടെ കുടിൽകെട്ടി സമരം നടത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ശക്തമായ ഭാഷയിൽ വിമർശിച്ചു. കോൺഗ്രസ് അധ്വാനിച്ച് വാങ്ങിയ ഭൂമിയിൽ അതിക്രമിച്ച് കയറുന്നവരെ അടിച്ചോടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ദുരന്തബാധിതരെ സഹായിക്കുന്നതിൽ സർക്കാർ കാണിക്കുന്ന വാശിയും താമസിപ്പിക്കലും അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
















