പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ശാന്തമാക്കാൻ നിർണ്ണായക നീക്കവുമായി പാകിസ്ഥാൻ. അമേരിക്കയും ഇറാനും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകൾക്ക് പാകിസ്ഥാൻ വേദിയൊരുക്കുമെന്ന് പാക് വിദേശകാര്യമന്ത്രി ഇസ്ഹാഖ് ദാർ അറിയിച്ചു.
സൈനിക മേധാവി അസിം മുനീർ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സുമായി വിഷയത്തില്‍ നിരന്തരം സമ്പർക്കം പുലർത്തിവരികയാണെന്നും പാകിസ്ഥാന്‍ അറിയിച്ചു. സമയപരിധിയെക്കുറിച്ചോ സമാധാന ചർച്ചകളിലെ മറ്റ് നിബന്ധനകളോ വിശദീകരിച്ചിട്ടില്ല.
സംഘർഷം അവസാനിപ്പിക്കാനുള്ള ഏക പ്രായോഗിക മാർഗമായി നയതന്ത്രം മാത്രമേ ഉപയോഗിക്കാവൂ എന്ന നിർദേശം വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ഉയർന്നതായി പാക് മന്ത്രി അറിയിച്ചു.
അതേസമയം കുവൈത്തിലെ ജലശുദ്ധീകരണ ശാലയിലുണ്ടായ ഇറാന്‍ ആക്രമണത്തില്‍ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. ഇറാന്റെ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നിരവധി ഡ്രോണുകളും മിസൈലുകളും തടഞ്ഞതായി ഗൾഫ് രാജ്യങ്ങൾ റിപ്പോർട്ട് ചെയ്തു.
















