കൊച്ചിയിൽ ഇതര സംസ്ഥാന തൊഴിലാളി എന്നു സംശയിക്കുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി. കീഴ്മാട് എടയപ്പുറം മുടൂർ റോഡിനു സമീപം പാടത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. എടയപ്പുറത്ത് സന്തോഷ് എന്ന വ്യക്തിയുടെ കൃഷിയിടത്തിനു അടുത്തുള്ള ചതുപ്പിൽ ആണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. സന്തോഷ് തന്നെയാണ് മൃതദേഹം ആദ്യം കാണുന്നത്. ഉടൻ തന്നെ സന്തോഷ് വാർഡ് മെമ്പറെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസിനെയും.
മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം ഉണ്ട്. അതുപോലെ ഇയാൾ മരിച്ചു കിടന്നതിന് സമീപത്തായുള്ള ഒരു മാവിൽ തോർത്തുകൊണ്ടുള്ള ഒരു കുരുക്കും കണ്ടെത്തി. ആത്മഹത്യക്ക് ശ്രമിച്ചപ്പോൾ താഴേക്ക് വീണ് മരണം സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇയാളുടെ കഴുത്തിലും ദേഹത്തും പാടുകളുണ്ട്.
പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ ആത്മഹത്യ ആണോ കൊലപാതകം ആണോ എന്ന് അറിയാൻ സാധിക്കു. ഈ പ്രദേശത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കണ്ടെത്തിയാൽ മാത്രമേ മരിച്ചയാളുടെ വിവരങ്ങൾ ലഭ്യമാകൂ എന്നും പൊലീസ് പറഞ്ഞു.
















