ചാവക്കാട് സബ് ജയിലിൽ നിന്ന് ചാടിപ്പോയ പോക്സോ കേസ് പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പൊലീസ്. മലപ്പുറം എടക്കര സ്വദേശി പുതിയത്ത് ശ്രീരാജ് (22) ആണ് ജയിൽ ചാടിയത്. ഇന്നലെ രാത്രി പത്ത് മണിയോടെ ഗുരുവായൂർ പൊലീസാണ് ഇയാളെ വലയിലാക്കിയത്.
ജയിലിലെ തകരാറിലായ എക്‌ഹോസ്റ്റ് ഫാൻ നന്നാക്കുന്നതിനായാണ് അധികൃതർ പ്രതിയെ പുറത്തിറക്കിയത്. ഓടുമേഞ്ഞ കെട്ടിടത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന ഫാനിനടുത്തേക്ക് കയറിപ്പോയ പ്രതിയെ ഏറെ നേരമായിട്ടും കാണാതായതോടെയാണ് അധികൃതർക്ക് പരിഭ്രാന്തിയായത്. മേൽക്കൂര വഴി സമീപത്തെ മരത്തിൽ കയറി സബ് രജിസ്ട്രാർ ഓഫീസ് വളപ്പിലേക്കാണ് പ്രതി കടന്നത്.
പ്രതി രക്ഷപ്പെട്ട വിവരം അറിഞ്ഞ ഉടൻ തന്നെ ഗുരുവായൂർ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞു.
മലപ്പുറം എടക്കര സ്വദേശിയായ ശ്രീരാജ്, പറവട്ടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ റിമാൻഡിലായ ആളാണ്. ഇയാൾ ജയിലിലെത്തിയിട്ട് ഏതാനും ദിവസങ്ങൾ മാത്രമേ ആയിരുന്നുള്ളൂ.
















