കഴിഞ്ഞദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ ചില മാധ്യമപ്രവർത്തകർ കാര്യങ്ങൾ വക്രീകരിക്കാൻ ശ്രമിച്ചു ബഹളം ഉണ്ടാക്കിയത് നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുന്ന രീതിയാണ് താൻ സ്വീകരിക്കാറുള്ളതെന്നും എന്നാൽ ചിലർ പ്രത്യേക അജൻഡയോടെ പെരുമാറുന്നത് നിർഭാഗ്യകരമാണെന്നും ഇന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ഇന്നലെ കൊല്ലത്തു നടത്തിയ വാർത്ത സമ്മേളനത്തിൽ ആയിരുന്നു ചില മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടത്. കൈരളിയും ദേശാഭിമാനിയും ചോദ്യങ്ങൾ ചോദിച്ചാൽ മാത്രമേ ഉത്തരം നൽകു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വാക്കേറ്റം ഉണ്ടായത്.
എന്നാൽ മുഖ്യമന്ത്രി ഇത് വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് ചൂണ്ടിക്കാട്ടി. ചോദ്യം മനസ്സിൽ വെച്ചിരുന്നാൽ പോരെന്നും അത് തുറന്നു പറയണമെന്നും മനസ്സിലുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയില്ല എന്നും അദ്ദേഹം മറുപടി നൽകിയിരുന്നു. ഈ പ്രശ്നത്തിന്റെ കൂടുതൽ വിശദീകരണം ആയിരുന്നു അദ്ദേഹം ഇന്ന് നൽകിയത്.
















