എഫ്‌സിആര്‍എ ബില്ലുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സീറോ മലബാര്‍ സഭ. നിയമപരമായ മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന സേവനങ്ങള്‍ തടസപ്പെടുത്തുന്നത് ദ്രോഹമാണെന്നാണ് സഭയുടെ വിമര്‍ശനം. ചെറിയ പിഴവുകള്‍ ചൂണ്ടിക്കാട്ടി ലൈസന്‍സ് റദ്ദാക്കുകയും , ആസ്തികള്‍ കണ്ടു കെട്ടുകയും ചെയ്യാനുള്ള നീക്കം സംശയാസ്പദമാണെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ വാര്‍ത്താക്കുറിപ്പിലൂടെ വിമര്‍ശിച്ചു. പൊതു നന്മ പരിഗണിച്ച് പാര്‍ലമെന്റില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ ആവശ്യപ്പെട്ടു.
അതേസമയം എഫ്‌സിആര്‍എ നിയമ ഭേദഗതി ബില്ലില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും പുനഃപരിശോധന വേണമെന്നും അറിയിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രിയ്ക്ക് സിബിസിഐ നിവേദനം നല്‍കിയിട്ടുണ്ട്. അമിത്ഷായ്ക്ക് പുറമെ മുഴുവന്‍ ലോക്സഭ, രാജ്യസഭ എംപിമാര്‍ക്കും നിവേദനം നല്‍കി. ബില്ല് രാജ്യത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും പൗരസമൂഹത്തിന്റെ സ്വാതന്ത്ര്യത്തെയും ബാധിക്കുമെന്നും സിബിസിഐ വ്യക്തമാക്കി.
ലോക്‌സഭയില്‍ അമിത് ഷാ നാളെ ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കുമ്പോള്‍ കേരളത്തിലെ പ്രചാരണങ്ങളില്‍ നിന്ന് ഒരു ദിവസത്തെ അവധിയെടുത്തെത്തുന്ന ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, ആന്റോ ആന്റണി, ഫ്രാന്‍സിസ് ജോര്‍ജ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിക്കും. രാഹുല്‍ ഗാന്ധിയും ബില്ലില്‍ സംസാരിച്ചേക്കും. അധികാരം ദുര്‍വിനിയോഗപ്പെട്ടേക്കാം എന്ന ആശങ്ക പങ്കുവെച്ച കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കത്തോലിക്ക ഭാവ ബില്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.
Story Highlights : syro malabar church on fcra bill
















