ഹോര്‍മൂസ് കടലിടുക്ക് കടക്കുന്ന ഇന്ത്യന്‍ കപ്പലുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഇറാനുമായി യാതൊരുവിധ ചര്‍ച്ചയും നടന്നിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയും ഇറാന് ടോള്‍ നല്‍കേണ്ടി വരുമെന്നും അത് ഇന്ധന വിലയെ വരെ ബാധിച്ചേക്കുമെന്ന തരത്തില്‍ നിരവധി തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്. വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്‌സ്വാളാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇത്തരം പ്രചരണങ്ങളെ വസ്തുതാവിരുദ്ധമെന്ന് തള്ളിയത്.
ഹോര്‍മുസ് കടലിടുക്ക് വഴി വരുന്ന കപ്പലുകള്‍ ടോള്‍ ചുമത്താന്‍ ഇറാന്റെ പാര്‍ലമെന്ററി കമ്മീഷന്‍ അനുമതി നല്‍കിയെന്ന വാര്‍ത്ത ഇറാന്‍ സ്റ്റേറ്റ് മീഡിയ പുറത്തുവിട്ടതിന് പിന്നാലെയാണ് ഇന്ത്യന്‍ കപ്പലുകള്‍ ഉടന്‍ ടോള്‍ നല്‍കേണ്ടി വരുമെന്ന വാര്‍ത്ത ഇവിടെ പ്രചരിച്ചത്. പശ്ചിമേഷ്യയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷത്തില്‍ യുഎസ് ഇസ്രയേല്‍ സഖ്യ രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് കടലിടുക്കിലൂടെ കടക്കാന്‍ ഇറാന്‍ അനുമതി നല്‍കിയിട്ടില്ല. കടലിടുക്ക് കൈകാര്യം ചെയ്യുന്നതിനുള്ള നിയമപരമായ ചട്ടക്കൂട് സ്ഥാപിക്കുന്നതിന് ഒമാനുമായുള്ള സഹകരണവും ഇറാന്‍ പാര്‍ലമെന്ററി കമ്മിറ്റി അംഗീകരിച്ച പുതിയ പദ്ധതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ പരമാധികാരം ഉറപ്പിക്കണമെന്ന ആവശ്യം യുദ്ധപശ്ചാത്തലത്തില്‍ ലോകത്തിന് മുന്നില്‍ ഇറാന്‍ ശക്തമായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ടോള്‍ പിരിവിന് പാര്‍ലമെന്റ് കമ്മിറ്റി അംഗീകാരം നല്‍കിയിരുന്നത്.
ഈ അടുത്ത ദിവസം മാത്രം ആറ് ഇന്ത്യന്‍ കപ്പലുകളാണ് സുരക്ഷിതമായി ഹോര്‍മുസ് കടലിടുക്ക് കടന്നതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യ ഉള്‍പ്പെടെയുള്ള ഇറാന്റെ സൗഹൃദ രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കുമെന്ന് ഇറാന്‍ അറിയിച്ചിരുന്നു. അതേസമയം ഹോര്‍മുസ് കടലിടുക്കിലേക്കുള്ള പ്രവേശനം ഇറാന്‍ തടയുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നത് തുടര്‍ന്നാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Story Highlights : No talks with Iran on tolls for Indian ships in Hormuz
















