പീഡാനുഭവസ്മരണയിൽ ഇന്ന് ദുഃഖ വെള്ളി. ദേവാലയങ്ങളിൽ പ്രത്യേക ശുശ്രൂഷകളും കുരിശിൻ്റെ വഴിയും പുരോഗമിക്കുകയാണ്. പ്രാർഥനയിൽ മുഴുകിയിരിക്കുകയാണ് വിശ്വാസികൾ. യേശു ക്രിസ്തുവിൻ്റെ പീഡാനുഭവത്തിൻ്റെയും കുരിശുമരണത്തിൻ്റെയും സ്മരണയിലാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ദുഃഖ വെള്ളി ആചരിക്കുന്നത്.
വിവിധ ദേവാലയങ്ങളിൽ ദുഃഖ വെള്ളിയുടെ ഭാഗമായി പ്രത്യേക പ്രാർഥനകളും കുരിശിന്‍റെ വഴിയും നടക്കും. മലയാറ്റൂർ അടക്കമുള്ള പ്രശസ്തമായ ക്രൈസ്തവ തീർഥാടന കേന്ദ്രങ്ങളിലേക്ക് വൻ തീര്‍ഥാടക പ്രവാഹമാണ്. ക്രിസ്തുവിന്റെ പീഡാനുഭവത്തിലെ പതിനാല് സംഭവങ്ങള്‍ അനുസ്മരിക്കുന്ന കുരിശിൻ്റെ വഴിയാണ് ദുഃഖവെള്ളിയിലെ പ്രധാന കർമം.
മനുഷ്യരുടെ മുഴുവൻ പാപങ്ങൾ ഏറ്റെടുത്ത് യേശു കുരിശുമരണം വരിച്ച ദിവസമാണ് ദുഃഖ വെള്ളിയായി ആചരിക്കുന്നത്. മനുഷ്യരാശിയുടെ പാപ പരിഹാരത്തിനായി ദൈവപുത്രനായ യേശു കുരിശ് വരിച്ചുവെന്നും മൂന്നാം നാൾ ഉയർത്തെഴുന്നേറ്റുവെന്നുമാണ് വിശ്വാസം.
















