ഈസ്റ്റർ അവധി പ്രമാണിച്ച് താമരശ്ശേരി ചുരത്തിലും കൊയിലാണ്ടി ഭാഗത്തും വൻ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അവധിക്കാലത്ത് വിനോദസഞ്ചാരികളുടെ തിരക്ക് വർധിക്കാനുള്ള സാധ്യത മുൻനിർത്തി താമരശ്ശേരി ചുരത്തിൽ കൂടുതൽ പൊലീസിനെ വിന്യസിക്കുമെന്ന് കോഴിക്കോട് റൂറൽ എസ്.പി. ടി. ഫറാഷ് അറിയിച്ചു.
ഗതാഗത തടസ്സമുണ്ടായാൽ അടിയന്തരമായി ഇടപെടുന്നതിനായി പ്രത്യേക മൊബൈൽ സ്ക്വാഡുകളെയും രംഗത്തിറക്കിയിട്ടുണ്ട്. തിരക്കേറിയ സമയങ്ങളിൽ ഭാരവാഹനങ്ങൾ കടന്നുപോകുന്നതിന് നിയന്ത്രണമുണ്ടാകും. വരിമാറി കയറുന്ന വാഹനങ്ങളാണ് പലപ്പോഴും കുരുക്കിന് കാരണമാകുന്നതെന്നും അതിനാൽ യാത്രക്കാർ സ്വയം നിയന്ത്രണം പാലിക്കണമെന്നും പൊലീസ് നിർദ്ദേശിച്ചു.
വയനാട്ടിൽ നിന്ന് ആശുപത്രി ആവശ്യങ്ങൾക്കും വിമാനത്താവളത്തിലേക്കും പോകുന്നവർ കുരുക്ക് സാധ്യത കണക്കിലെടുത്ത് നേരത്തെ യാത്ര തിരിക്കുകയും കരുതൽ എന്ന നിലയിൽ ഭക്ഷണവും വെള്ളവും കൈവശം വെക്കുകയും വേണം.
കൊയിലാണ്ടി കൊല്ലം പിഷാരിക്കാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ദേശീയപാതയിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഒൻപത് മണി മുതൽ ഗതാഗതം വഴിതിരിച്ചുവിടും.
കോഴിക്കോട് ഭാഗത്ത് നിന്ന് വടകരയിലേക്ക് വരുന്ന വാഹനങ്ങൾ പൂളാടിക്കുന്ന് വഴി കുറ്റ്യാടി റോഡിലൂടെയോ കൊയിലാണ്ടി റെയിൽവേ ഓവർബ്രിഡ്ജ് വഴി ഉള്ള്യേരി-പേരാമ്പ്ര വഴിയോ പോകേണ്ടതാണ്.
ചെറിയ വാഹനങ്ങൾക്ക് ചെങ്ങോട്ടുകാവ് ബൈപ്പാസ് വഴി നന്തിയിലെത്തി യാത്ര തുടരാം. വടകരയിൽ നിന്ന് കൊയിലാണ്ടിയിലേക്ക് വരുന്ന ലോക്കൽ ബസുകൾ പാലക്കുളത്ത് ആളുകളെ ഇറക്കി തിരിച്ചുപോകണം.
വടകരയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ കൈനാട്ടി-കുറ്റ്യാടി വഴിയോ പയ്യോളി-പേരാമ്പ്ര വഴിയോ പോകണം. ചെറിയ വാഹനങ്ങൾ നന്തിയിൽ നിന്ന് പുതിയ ബൈപ്പാസിലൂടെ പ്രവേശിച്ച് ചെങ്ങോട്ടുകാവ് വഴി കോഴിക്കോട്ടേക്ക് പോകാവുന്നതാണ്.
കൊയിലാണ്ടി ഭാഗത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ലോക്കൽ ബസുകൾ കൊല്ലം പെട്രോൾ പമ്പിൽ ആളുകളെ ഇറക്കി മടങ്ങണമെന്നും പോലീസ് അറിയിച്ചു.
















