പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് പ്രചാരണ വാഹനത്തിൽ നടത്തിയ വിവാദ അനൗൺസ്മെന്റിൽ എൽഡിഎഫ് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു.
യുഡിഎഫ് നൽകിയ പരാതിയെത്തുടർന്ന് വരണാധികാരിയായ ഡെപ്യൂട്ടി കളക്ടർ അജിത് ജോണാണ് നോട്ടീസ് നൽകിയത്. ‘സമുദായത്തിലെ കുട്ടിയെ വിജയിപ്പിക്കണമെന്ന് മുസ്ലിം ലീഗുകാർ വീടുകളിൽ കയറി പറയുന്നു’ എന്ന രീതിയിൽ പ്രചാരണ വാഹനത്തിൽ നിന്ന് അനൗൺസ്മെന്റ് ഉയർന്നതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.
മതസ്പർദ്ധ വളർത്തുന്ന ഇത്തരം പ്രചാരണങ്ങൾ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. വടകരയിലെ ‘കാഫിർ’ വിവാദത്തിന് സമാനമായ രീതിയിൽ പേരാമ്പ്രയിലെ മതസൗഹാർദ്ദം തകർക്കാൻ ഇടതുമുന്നണി ബോധപൂർവ്വം ശ്രമിക്കുകയാണെന്ന് പരാതിയിൽ പറയുന്നു.
യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയ മണ്ഡലത്തിൽ ഉണ്ടാക്കുന്ന സ്വാധീനത്തെ അട്ടിമറിക്കാനാണ് ഇത്തരം നീക്കങ്ങളെന്നും യുഡിഎഫ് ആരോപിച്ചു.
















