നാസിക്കിൽ ആത്മീയതയുടെ മറവിൽ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയിൽ വിവാദ ആൾദൈവം അശോക് ഖരാത്തിനെ കോടതി ഏഴു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പത്താമത്തെ പീഡന പരാതിയിലാണ് നാസിക് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ നടപടി. നിലവിൽ മറ്റൊരു കേസിൽ ജയിലിൽ കഴിയുന്ന ഖരാത്തിനെ വീഡിയോ കോൺഫറൻസിങ് വഴിയാണ് കോടതിയിൽ ഹാജരാക്കിയത്. മുൻ മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ കൂടിയായ ഇയാൾക്കെതിരെ ഇതിനകം പത്തോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കുടുംബപ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ വർഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പുതിയ പരാതി. 2013-ൽ വിവാഹം നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ടാണ് പരാതിക്കാരി ബന്ധുവിന്റെ നിർദ്ദേശപ്രകാരം ഖരാത്തിനെ ആദ്യമായി കാണുന്നത്. എന്നാൽ വിവാഹശേഷവും കുടുംബപ്രശ്നങ്ങളിൽ പരിഹാരം വാഗ്ദാനം ചെയ്ത് ഇയാൾ ഇവരെ നിരന്തരം ബന്ധപ്പെടുകയും ലൈംഗികമായി ചൂഷണം ചെയ്യുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു.
ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ യുവതി തന്റെ ഭാവി കാര്യങ്ങളെക്കുറിച്ച് ആലോചിക്കാനായി ഖരാത്തിനെ വീണ്ടും സമീപിച്ചതോടെയാണ് പീഡനം രൂക്ഷമായത്. 2020 ഫെബ്രുവരി മുതൽ മതപരമായ ആചാരങ്ങളുടെ മറവിൽ ഓഫീസിലേക്ക് വിളിച്ചുവരുത്തി ഇയാൾ പീഡനം തുടർന്നു. ഇതിനിടെ യുവതി ഗർഭിണിയായപ്പോൾ ഗുളികകൾ നൽകി നിർബന്ധപൂർവ്വം ഗർഭച്ഛിദ്രം നടത്തിച്ചതായും പരാതിയിൽ ആരോപിക്കുന്നു. വിവരം പുറത്തുപറഞ്ഞാൽ യുവതിയുടെയും മക്കളുടെയും ജീവിതം നശിപ്പിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.
തനിക്കുണ്ടായ ദുരനുഭവം വർഷങ്ങളോളം ഉള്ളിലൊതുക്കിയ യുവതി, ഖരാത്തിനെതിരെ മറ്റൊരു ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്ത വാർത്തയറിഞ്ഞതോടെയാണ് പരാതി നൽകാൻ തയ്യാറായത്. മാർച്ച് 21-ന് ഇവർ പോലീസിനെ സമീപിക്കുകയായിരുന്നു. ആൾദൈവത്തിന്റെ തട്ടിപ്പുകൾക്കും ക്രൂരതകൾക്കും ഇരയായ കൂടുതൽ പേർ വരും ദിവസങ്ങളിൽ പരാതിയുമായി മുന്നോട്ടുവരാൻ സാധ്യതയുണ്ടെന്നാണ് പോലീസ് നിഗമനം.
















