മാരുതിയുടെ ഓഫ് റോഡറിനെ ഗാരിജിലെത്തിച്ച് അപർണ ബാലമുരളി. പല സെലിബ്രിറ്റികളുടെയും ഇഷ്ട വാഹനമായ മാരുതി സുസുക്കി ജിംനിയാണ് അപർണ ഗാരിജിലെത്തിച്ചത്. ഗ്രേ കളർ ജിംനിയാണ് അപർണ തിരഞ്ഞെടുത്തത്. 12.32 ലക്ഷം മുതൽ 14.45 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കി ജിംനിക്ക് എക്സ്ഷോറൂം വില വരുന്നത്.
1.5 ലീറ്റർ എൻജിനാണ് ജിംനിക്ക് കരുത്തേകുന്നത്. 104.8 എച്ച്പി കരുത്തും 134.2 എൻ എം ടോർക്കും ഉൽപാദിപ്പിക്കുന്ന എൻജിന് 5 സ്പീഡ് മാനുവൽ, 4 സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സുമുണ്ട്. 3985 എംഎം നീളവും 1720 എംഎം ഉയരവും 1645 എംഎം വീതിയും 2590 എംഎം വീൽബേസും. 15 ഇഞ്ച് വീലുകളാണ് ഉപയോഗിക്കുന്നത്. മാനുവൽ വകഭേദത്തിന് ലീറ്ററിന് 16.94 കിലോമീറ്ററും ഓട്ടമാറ്റിക്ക് വകഭേദം 16.39 കിലോമീറ്ററുമാണ് ഇന്ധനക്ഷമത.
മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയിലുള്ള ഓൾഗ്രിപ്പ് ഓൾവീൽ ഡ്രൈവ് സാങ്കേതിക വിദ്യയുടെ ഏറ്റവും അഡ്വാൻസ്ഡ് മോഡായ ഓൾഗ്രിപ്പ് പ്രോയാണ് ജിംനിയിൽ. കഠിനമായ ഓഫ് റോഡ് സാഹചര്യങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കും. ഫോർവീൽ ഡ്രൈവ് ഹൈ, ഫോർവീൽ ഡ്രൈവ് ലോ എന്നീ മോഡുകളും ഇതിലുണ്ട്. 36 ഡിഗ്രി അപ്രോച്ച് ആംഗിളും 24 ഡിഗ്രി റാംപ് ബ്രേക് ഓവർ ആംഗിളും 50 ഡിഗ്രി ഡിപ്പാർച്ചർ ആംഗിളും വാഹനത്തിലുണ്ട്.
അധികം ആർഭാടങ്ങളില്ലാത്ത ഇന്റീരിയർ. ഉള്ളിലേക്ക് വന്നാൽ വലിയ ആർഭാടങ്ങളില്ല. ഡ്യുവൽ പോഡ് ശൈലിയിലുള്ള മീറ്റർ കൺസോൾ. ഇതിന് നടുക്കായാണ് എംഐഡി ഡിസ്പ്ലെ. അധികം വലുപ്പമില്ലാത്ത സ്റ്റിയറിങ് വീൽ. 9 ഇഞ്ച് സുസുക്കി സ്മാർട്ട്പ്ലേ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുണ്ട്. കൂടാതെ ആർക്കമീസിന്റെ സറൗണ്ട് സെൻസ് ശബ്ദ വിന്യാസവും. റോട്ടറി സ്വിച്ചുകളാണ് എസിക്ക്. യാത്ര സുഖകരമാക്കുന്ന സീറ്റുകളാണ് പിന്നിലും മുന്നിലും.
ആറ് എയർബാഗുകൾ, ബ്രേക് ലിമിറ്റഡ് സ്ലിപ് ഡിഫ്രൻഷ്യൽ, ഇഎസ്പി, എബിഎസ്, ഇബിഡി, 3 പോയിന്റ് സീറ്റ്ബെൽറ്റ്, ഹിൽ ഹോൾഡ്, ഹിൽ ഡിസൻഡ്, ഐഎസ്ഒഎഫ്ഐഎക്സ് ചൈൽഡ് സീറ്റ്, റിവേഴ്സ് ക്യാമറ, റിയർ പാർക്കിങ് സെൻസർ എന്നിവയും ജിംനിക്കായി മാരുതി നൽകിയിട്ടുണ്ട്.
















