സുസുക്കി മോട്ടോർസൈക്കിളിന്റെ മാക്സി‑സ്കൂട്ടർ ബർഗ്മാൻ സ്ട്രീറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു.. ₹113,220 രൂപയാണ് ടോപ് വേരിയന്റായ ടി എഫ് ടി / കീലെസ് വേരിയന്റിന്റെ വില. ബേസ് മോഡലായ റൈഡ് കണെക്റ്റിന്റെ വില ₹ 1,07,944. റോഡിൽ വ്യത്യസ്തമായിരിക്കാൻ ആഗ്രഹിക്കുന്നവർക്കാണ് പുതിയ ബർഗ്മാൻ സ്ട്രീറ്റ്. സുസുക്കി ആക്സസിലുള്ള അതേ പ്ലാറ്റ്ഫോം തന്നെയാണിതിലും.
സാധാരണ സ്കൂട്ടർ മോഡലുകളിൽനിന്നു മാറി യുണീക് ഡിസൈൻ ആണ് പ്രധാന ഹൈലൈറ്റ്. അതിനോടൊപ്പം മികച്ച റൈഡിങ് കംഫർട്ട്, പെർഫോമൻസ് എന്നിവയും സുസുക്കി വാഗ്‌ദാനം ചെയ്യുന്നു. എൽഇഡി സ്പ്ലിറ്റഡ് ഹെഡ്ലൈറ്റ്, ഇൻഡികേറ്റർ, ഇൻ്റഗ്രേറ്റഡ് എൽഇഡി ടെയിൽ ലാംപ് ആണ് പിന്നിൽ. ഡാർക്ക് ഷേഡ് വിൻഡ് സ്‌ക്രീൻ, ബോഡിയിൽ ഉള്ള മെറ്റാലിക് എഴുത്ത് എന്നിവ ശ്രദ്ധേയമാണ്. ടോപ് വേരിയൻ്റിൽ 4.5 ഇഞ്ച് ടി എഫ് ടി എൽസിഡി ഡിസ്പ്ലേ നൽകിയിരിക്കുന്നു. ഒപ്പം കീ ലെസ് സിസ്റ്റവും ഉണ്ട്. സ്മാർട്ട് ഫോണിൽ സുസുക്കി റൈസ് ആപ് വഴി കണെക്റ്റ് ചെയ്യാം.
മർട്ടി-ഫംങ്ഷൻ സ്‌റ്റാർട്ടർ സ്വിച്ചാണ് മറ്റൊരു സവിശേഷത. സീറ്റ്, ഫ്യൂവൽ ലിഡ് തുടങ്ങിയവ ഓപൺ ചെയ്യാൻ സ്വിച്ച് തിരിച്ചാൽ മതി. സീറ്റിനു പുറത്ത് പുറകിലായാണ് ഇന്ധനം നിറയ്ക്കാനുള്ള ഫ്യൂവൽ ലിഡ് നൽകിയിരിക്കുന്നത്. ടാങ്ക് കപ്പാസിറ്റി 5.5 ലീറ്റർ. പില്യൺ സീറ്റ് ഭാഗം ഉയർന്ന രീതിയുള്ള അൽപം ചരിവുള്ള ഡിസൈനാണ് സീറ്റിന്. വീതിയുള്ള വലിപ്പമുള്ള സീറ്റുകൾ. സീറ്റിനടിയിലെ സ്‌റ്റോറേജ് സൗകര്യം 21.5 ലീറ്ററിൽ നിന്നു 24.6 ലീറ്ററായി വർധിപ്പിച്ചു. ഒരു ഫുൾ ഫേസ് ഹെൽമറ്റ് വയ്ക്കാം.
മുന്നിൽ ഫോൺ ചാർജിങ് സോക്കറ്റ്, ഷോപ്പിങ് ബാഗുകൾ കൊളുത്തിയിടാനുള്ള ഹുക്കുകൾ കൊടുത്തിട്ടുണ്ട്. വലുതും വീതിയേറിയതുമായ ഫ്ലോർ ബോർഡ്. ദൂരയാത്രകളിൽ കാൽ നീട്ടിവച്ചു റൈഡ് ചെയ്യാം. 12 ഇഞ്ചിൻ്റെ ട്യൂബ് ലെസ് ടയറുകളാണ് മുന്നിലും പിന്നിലും.
ആക്‌സസിലെ എൻജിൻ തന്നെയാണ് ബർഗ്മാനിലും. കരുത്ത് 6.2 kW . കൂടിയ ടോർക്ക് 10.2 Nm . പഴയ മോഡലിൽ ടോർക്ക് 9.2 Nm ആയിരുന്നു. ട്രാൻസ്മിഷൻ സിവിടി . ഉയർന്ന ഫ്രീക്വൻസി ശബ്‌ദം പുറപ്പെടുവിക്കുന്ന ഡീപ്പർ എക്സോസ്റ്റ് നോട്ടാണ് ബർഗ്മാൻ സ്ട്രീറ്റിൻ്റെ മറ്റൊരു പ്രധാന ആകർഷണം. ഭാരം പഴയ മോഡലിൽ നിന്നു 500gm വരെ കുറഞ്ഞു. ടോപ് വേരിയൻ്റ് കോപ്പർ മിക്‌സോടുകൂടി 5 നിറങ്ങളിൽ ലഭിക്കും. വൈറ്റ് & കോപ്പർ മിക്സ് ആണ് ഹൈലൈറ്റ് കളർ. ബേസ് വേരിയന്റിലും 5 നിറങ്ങൾ തിരഞ്ഞെടുക്കാം.
2018 ൽ ആണ് ബർഗ്‌മാൻ ആദ്യമായി വിപണിയിലെത്തുന്നത്. ഇതുവരെ 1.1 മില്യൺ ഉപയോക്താക്കൾ ബർഗ്മാനുണ്ട്. രണ്ടാം തലമുറ മോഡലാണിത്. നിലവിലുള്ള സ്ട്രീറ്റ് ഇ എക്സ് വേരിയൻ്റ് തുടർന്നും വിലപനയിലുണാകും. ഈ മാസം തന്നെ വിപണിയിൽ ലഭ്യമാകും.
















