വണ്ടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ വരികയായിരുന്നു കോൺഗ്രസ് എംപി ശശി തരൂരിന്റെ വാഹനം തടഞ്ഞ് ഗൺമാനെ കയ്യേറ്റം ചെയ്തതായി പരാതി. തിരുവാലി ചെള്ളിത്തോട് പാലത്തിനു സമീപത്തുവെച്ചായിരുന്നു കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. ഗൺമാന്റെ പരാതിയിൽ വണ്ടൂർ പോലീസ് കേസെടുത്തു മൂന്നു പേരെ അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. വണ്ടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എപി അനിൽകുമാറിന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ രണ്ടു വാഹനങ്ങളിൽ വരികയായിരുന്നു ശശി തരൂർ. ചെളിത്തോട് പാലത്തിനു സമീപം എത്തിയപ്പോൾ രണ്ടു വാഹനങ്ങളിൽ എത്തിയ സംഘവുമായി ഇവർ തർക്കത്തിലേർപ്പെട്ടു. ഇതിന്റെ വീഡിയോ ഡ്ര൯ശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
തുടർന്ന് എംപിയുടെ വാഹനം തടയുകയും സംഘത്തിലെ ഒരാൾ ഗൺമാനെ കയ്യേറ്റം ചെയ്തു എന്നുമാണ് പരാതിയിലുള്ളത്. സംഘത്തിലുണ്ടായിരുന്ന കാളികാവ് സ്വദേശി ഉമ്മറിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. രണ്ടു വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
















