സംസ്ഥാനത്ത് യു.ഡി.എഫിന് വ്യക്തമായ മുൻതൂക്കം പ്രവചിക്കുന്ന സർവ്വേ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ അതേ തരംഗം ഇപ്പോഴും കേരളത്തിൽ നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വടകരയിൽ വലിയ വിവാദമുണ്ടാക്കിയ ‘കാഫിർ’ സ്ക്രീൻഷോട്ട് വിഷയത്തിൽ സി.പി.എമ്മിനെതിരെ രൂക്ഷമായ പരിഹാസമാണ് കുഞ്ഞാലിക്കുട്ടി ഉന്നയിച്ചത്. ഇത്തരം വർഗീയ വിഭജന തന്ത്രങ്ങൾ സി.പി.എം മുൻപും പയറ്റിയിട്ടുണ്ടെന്നും എന്നാൽ ഇപ്പോൾ അവ ഓരോന്നായി പുറത്തുവരുന്നുവെന്നതാണ് മാറ്റമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
”സി.പി.എം അധികാരത്തിൽ ഇരിക്കുന്നതിനാലാണ് വ്യാജ സ്ക്രീൻഷോട്ട് നിർമ്മിച്ചവരെ ഇത്രകാലമായിട്ടും പിടികൂടാത്തത്. ആരാണ് ഇതിന് പിന്നിലെന്ന് ജനങ്ങൾക്ക് കൃത്യമായി ബോധ്യമുണ്ട്. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഈ ഗൂഢാലോചനയിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരും,” കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
രാഹുൽ ഗാന്ധിക്കെതിരെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനകൾ ദേശീയതലത്തിൽ സി.പി.എമ്മിന്റെ ദുർബലതയാണ് വെളിവാക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന് പുറത്ത് ഏതെങ്കിലും ഒരു സീറ്റിൽ വിജയിക്കണമെങ്കിൽ പോലും കോൺഗ്രസിന്റെ സഹായം അനിവാര്യമായ പാർട്ടിയാണ് സി.പി.എം. ആ യാഥാർത്ഥ്യം നിലനിൽക്കെ കോൺഗ്രസ് നേതാവിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് നന്ദികേടാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
















