തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ് സമർപ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഗുരുതരമായ പിഴവുകൾ കണ്ടെത്തി. പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിൽ വിജയ് നൽകിയ സത്യവാങ്മൂലങ്ങളിലെ വിവരങ്ങൾ തമ്മിലുള്ള വൈരുദ്ധ്യമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. പിഴവ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് താരം പുതിയ സത്യവാങ്മൂലം സമർപ്പിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച പെരമ്പൂർ മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ തനിക്കെതിരെ കേസുകളൊന്നുമില്ലെന്നാണ് വിജയ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ മൂന്ന് ദിവസത്തിന് ശേഷം തിരുച്ചിറപ്പള്ളി ഈസ്റ്ററിൽ പത്രിക നൽകിയപ്പോൾ തനിക്കെതിരെ രണ്ട് കേസുകളുണ്ടെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കേസുകൾക്ക് പുറമെ പ്രായത്തിന്റെ കാര്യത്തിലും പൊരുത്തക്കേടുണ്ട്. പെരമ്പൂരിൽ നൽകിയ രേഖകളിൽ പ്രായം 52 എന്നും തിരുച്ചിറപ്പള്ളിയിൽ ഇത് 51 എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വിജയിക്കെതിരെ നിലവിലുള്ള രണ്ട് കേസുകളുടെ വിവരങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.തിങ്കളാഴ്ച പെരമ്പൂരിൽ നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ നടത്തിയ റാലിയിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നതാണ് ഒരു കേസ്.കഴിഞ്ഞ വർഷം മധുരയിൽ നടന്ന പാർട്ടിയുടെ രണ്ടാം സമ്മേളനത്തിനിടെ വിജയന്റെ ബൗൺസർമാർ സ്വന്തം അനുയായിയെ തന്നെ മർദ്ദിച്ചുവെന്ന പരാതിയിലാണ് രണ്ടാമത്തെ കേസ്.
















