നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയിൽ എൻഡിഎയുടെ കരുത്ത് വിളിച്ചോതി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തി. വടക്കൻ കേരളത്തിലെ ആവേശം വാനോളമുയർത്തി കോഴിക്കോട് ബേപ്പൂരിൽ നടന്ന വമ്പിച്ച റോഡ് ഷോയോടെയാണ് ഷായുടെ ഇന്നത്തെ പ്രചാരണ പരിപാടികൾക്ക് തുടക്കമായത്. കോഴിക്കോടിന് പുറമെ എറണാകുളത്തും തിരുവനന്തപുരത്തും നടക്കുന്ന വിപുലമായ പരിപാടികളിൽ അദ്ദേഹം പങ്കുചേരും.
ബേപ്പൂരിലെ എൻഡിഎ സ്ഥാനാർത്ഥി അഡ്വ. പ്രകാശ് ബാബുവിന്റെ പ്രചാരണാർത്ഥം മാത്തോട്ടം മുതൽ നടുവട്ടം വരെ നടന്ന റോഡ് ഷോയിൽ പതിനായിരക്കണക്കിന് പ്രവർത്തകരാണ് അണിനിരന്നത്. തുറന്ന വാഹനത്തിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്തുകൊണ്ട് നീങ്ങിയ അമിത് ഷായെ പുഷ്പവൃഷ്ടിയോടെയാണ് ജനങ്ങൾ വരവേറ്റത്. ഒരു കിലോമീറ്ററോളം നീണ്ട പാതയിൽ മുദ്രാവാക്യം വിളികളാൽ കാവിക്കടൽ ഇരമ്പുകയായിരുന്നു. സ്ഥാനാർത്ഥി പ്രകാശ് ബാബുവും പ്രമുഖ നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
കോഴിക്കോട്ടെ പരിപാടികൾക്ക് ശേഷം എറണാകുളത്തും തുടർന്ന് തിരുവനന്തപുരത്തുമാണ് അമിത് ഷാ എത്തുന്നത്. സംസ്ഥാനത്തെ നിർണ്ണായകമായ മണ്ഡലങ്ങളിൽ നേരിട്ടെത്തി വോട്ട് ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രമന്ത്രിയുടെ സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്. വൈകുന്നേരം എറണാകുളത്തെ പ്രചാരണ പരിപാടികളിൽ പങ്കെടുത്ത ശേഷം അദ്ദേഹം തലസ്ഥാനത്തേക്ക് തിരിക്കും.
തിരുവനന്തപുരത്ത് എത്തുന്ന അമിത് ഷാ തിരഞ്ഞെടുപ്പ് പൊതുയോഗങ്ങൾക്ക് പുറമെ പ്രമുഖ പ്രവാസി വ്യവസായികളുമായും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രവാസി പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും.
















