ആഗ്രയിൽ കാമുകനുമായുള്ള ബന്ധം ഭർത്താവ് എതിർത്തതിനെ തുടർന്ന് ഭാര്യയും കാമുകനും കൂട്ടുകാരനും ചേർന്ന് യുവാവിനെ കൊലപ്പെടുത്തി. ആഗ്ര സ്വദേശിയായ ലോകേന്ദ്രയെയാണ് ഭാര്യയും ഇവരുടെ കാമുകനായ മഹേഷും മഹേഷിന്റെ സുഹൃത്തായ ധരംവീറും ചേർന്ന് കൊലപ്പെടുത്തിയത്.
ഏപ്രിൽ ഒന്നാം തീയതി ആയിരുന്നു ലോകേന്ദ്രയെ കാണാതാകുന്നത്. പിന്നീട് റോഡ് അരികിലെ ആളൊഴിഞ്ഞ സ്ഥലത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. മുഖം ഉൾപ്പെടെ തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ കത്തിക്കരിഞ്ഞ നിലയിൽ ആയിരുന്നു മൃതദേഹം. ലോകേന്ദ്ര ഇയാളുടെ കയ്യിൽ സ്വന്തം പേര് ടാറ്റു ചെയ്തതിനാലാണ് മൃതദേഹം തിരിച്ചറിയാൻ സാധിച്ചത്. ഇതിനോടൊപ്പം ലോകേന്ദ്രയെ കാണാനില്ലെന്ന് സഹോദരനും പരാതി നൽകിയിരുന്നു.
ലോകേന്ദ്ര ഭാര്യയും മഹേഷും ആയുള്ള രഹസ്യബന്ധം തിരിച്ചറിയുകയും ഇതിനെ എതിർക്കുകയും ചെയ്തു. ഇതാണ് കൊലപാതകത്തിന് കാരണമായത്. സംഭവദിവസം ലോകേന്ദ്ര വീട്ടിൽ നിന്ന് പോയത് ഭാര്യ മഹേഷിനെ അറിയിക്കുകയും തുടർന്ന് വഴിയിൽ വെച്ച് മഹേഷും ധരംവീറും ലോകേന്ദ്രയെ മദ്യപിക്കാനായി ക്ഷണിച്ചു.
തുടർന്ന് മൂവരും ചേർന്ന് മദ്യം വാങ്ങിയശേഷം ആളൊഴിഞ്ഞ കൃഷിയിടത്തിലേക്ക് പോയി. ഇവിടെവെച്ച് മൂവരും മദ്യപിക്കുകയും ഇതിനിടയിൽ പ്രതികൾ ലോകേന്ദ്രയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും ആയിരുന്നു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കുയും ചെയ്തു.
മൃതദേഹം കണ്ടെത്തി 24 മണിക്കൂറിനുള്ളിൽ തന്നെ പ്രതിയെ കണ്ടെത്താനായി പോലീസിന് സാധിച്ചു. കൊലപാതകം തെളിയാനായി നിർണായക തെളിവായത് മദ്യക്കുപ്പിയിലെ ക്യു ആർ കോഡ് ആണ്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് പോലീസിന് ഒരു ഒഴിഞ്ഞ മദ്യ കുപ്പി ലഭിച്ചിരുന്നു.
ഈ കുപ്പിയിലെ ക്യു ആർ കോഡിലൂടെ മദ്യം വിറ്റ വില്പനശാല ഏതാണെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് ഇവിടെയുള്ള സിസിടിവി പരിശോധിച്ചാണ് ലോകേന്ദ്രയും മറ്റു രണ്ടു പേരും മദ്യം വാങ്ങാൻ എത്തിയതിന്റെ ദൃശ്യം ലഭിച്ചത്. തുടർന്ന് മഹേഷും ധരംവീറും ആണ് മദ്യശാലയിൽ എത്തിയത് എന്ന് തെളിഞ്ഞതോടെ ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു.
















