ബൈപാസ് സർജറി ചെയ്യാനായി സഹായം നൽകിയവർക്ക് നന്ദി പറഞ്ഞ് മിമിക്രി കലാകാരൻ കണ്ണൻ സാഗർ. മിമിക്രി താരങ്ങളുടെ സംഘടനയായ ‘മാ’ തനിക്ക് വേണ്ട സഹായങ്ങൾ ചെയ്തുതന്നെന്ന് കണ്ണൻ സാഗർ വെളിപ്പെടുത്തി. ശസ്ത്രക്രിയയ്ക്കുവേണ്ട സൗകര്യങ്ങൾ ഒരുക്കിത്തന്നത് രമേഷ് പിഷാരടിയാണെന്നും കണ്ണൻ സാഗർ പറഞ്ഞു. തിരക്കുകൾക്കിടയിലും തനിക്ക് വേണ്ട സഹായങ്ങൾ ചെയ്തുതന്ന പിഷാരടിക്ക് കണ്ണൻ നന്ദി പറഞ്ഞു. ആശുപത്രിയിൽ നിന്നും പങ്കുവെച്ച വീഡിയോയിലാണ് കണ്ണൻ സാഗർ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
കണ്ണൻ സാഗറിന്റെ വാക്കുകൾ: ‘ഞാനിപ്പോൾ ആലുവയിലെ രാജഗിരി ആശുപത്രിയിൽ അഡ്മിറ്റാണ്. എനിക്കൊരു ബൈപാസ് സര്‍ജറി ആവശ്യമായി വന്നിരിക്കുകയാണ്. ആറാം തീയതിയാണ് ശസ്ത്രക്രിയയുടെ ഡേറ്റ് പറഞ്ഞിരിക്കുന്നത്. അതുപ്രകാരം അഡ്മിറ്റായിരിക്കുകയാണ്.
ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ എന്റെ അസുഖത്തെക്കുറിച്ച് ഞാന്‍ പറഞ്ഞിരുന്നു. അതുകേട്ട് എന്ന സഹായിക്കാന്‍ എന്റെ പ്രിയപ്പെട്ട സംഘടന ‘മാ’യിലെ ഏറ്റവും പ്രിയപ്പെട്ട സഹോദരങ്ങള്‍ അകമഴിഞ്ഞു സഹായിക്കാൻ ഓടിയെത്തി. അവരുടെയെല്ലാ അനുഗ്രഹവും എന്നോടൊപ്പമുണ്ട്.
കെ.എസ് പ്രസാദ് ചേട്ടനും നിരന്തരം വിളിക്കുകയും കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തിരുന്നു. ഈ സര്‍ജറിക്ക് വേണ്ട കാര്യങ്ങളെല്ലാം ഒരുക്കി തന്നത് എന്റെ പ്രിയപ്പെട്ട, സഹോദരനായ രമേഷ് പിഷാരടിയാണ്. അദ്ദേഹം നല്ല തിരക്കിലാണ്, എങ്കിലും എന്റെ മെസജ് കാണുകയും എന്നെ സഹായിക്കാൻ മുന്നോട്ടുവരികയും ചെയ്തു. സ്‌നേഹം കൊണ്ടും സാമ്പത്തികം കൊണ്ടും അന്വേഷണം കൊണ്ടും എന്നെ ഒരുപാട് സ്നേഹിക്കുന്ന പ്രിയപ്പെട്ട സഹോദരീ സഹോദരങ്ങളോട് പറഞ്ഞാല്‍ തീരാത്തത്രയും നന്ദിയും കടപ്പാടുണ്ടെനിക്ക്.’ കണ്ണൻ സാഗറിന്റെ വാക്കുകൾ.
അടുത്തിടെയാണ് കണ്ണൻ സാഗർ തനിക്ക് അസുഖം ബാധിച്ച വിവരം അറിയിച്ചുകൊണ്ട് പോസ്റ്റ് പങ്കുവച്ചത്. ഹൃദയത്തിൽ ബ്ലോക്ക് കണ്ടെത്തിയെന്നും ഉടൻ തന്നെ ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാകണമെന്നും കണ്ണൻ പോസ്റ്റിൽ കുറിച്ചു. തനിക്കു താങ്ങാൻ പറ്റാത്ത അത്ര തുക ആശുപത്രിയിലാകുമെന്നും സന്മനസുള്ളവർ സഹായിക്കണമെന്നും കണ്ണൻ സാഗർ പറഞ്ഞിരുന്നു. ചാനല്‍ പരിപാടികളിലൂടെയും സിനിമയിലൂടെയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് കണ്ണന്‍ സാഗര്‍. ജയസൂര്യ നായകനായ ‘ആട് 3’യാണ് നടൻ അവസാനമായി അഭിനയിച്ച ചിത്രം.
















