ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് നാളെ മുതൽ വാദം ആരംഭിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് മൗലികാവകാശങ്ങളും മതസ്വാതന്ത്ര്യവും തമ്മിലുള്ള നിയമപരമായ സങ്കീർണ്ണതകൾ പരിശോധിക്കുന്നത്.
കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്ന വേളയിലാണ് സുപ്രീംകോടതിയിലും ഈ നിർണ്ണായകമായ വാദപ്രതിവാദങ്ങൾ നടക്കുന്നത്.
നാളെ മുതൽ വ്യാഴാഴ്ച വരെ സ്ത്രീപ്രവേശനത്തെ എതിർക്കുന്നവരുടെ വാദങ്ങളാണ് കോടതി കേൾക്കുക. തുടർന്ന് ഏപ്രിൽ 14, 15, 16 തീയതികളിൽ അനുകൂലിക്കുന്നവരുടെ വാദങ്ങളും നടക്കും. ജസ്റ്റിസ് ബി.വി. നാഗരത്ന ഉൾപ്പെടെയുള്ള പ്രമുഖ ജഡ്ജിമാർ അടങ്ങുന്നതാണ് ഈ വിപുലമായ ബെഞ്ച്.
യുവതി പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും സ്വീകരിച്ചിരിക്കുന്ന പുതിയ നിലപാടുകൾ ഏറെ ശ്രദ്ധേയമാണ്.
















