ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രപാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ചരക്ക് നീക്കത്തിന് പണം ഈടാക്കുന്നത് നിയമവിധേയമാക്കാൻ ഇറാൻ നീക്കം തുടങ്ങുന്നു. യുദ്ധം മൂലമുണ്ടായ സാമ്പത്തിക തകർച്ച മറികടക്കാൻ ഈ നീക്കം സഹായിക്കുമെന്നാണ് ഇറാന്റെ കണക്കുകൂട്ടൽ.
ഹോർമുസ് കടലിടുക്ക് ചൊവ്വാഴ്ച തുറന്നുനൽകണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെയാണ് ഇറാന്റെ ഈ കടുത്ത തീരുമാനം.
ലോകത്തിലെ ഏറ്റവും തിരക്കേറിയ ഇടനാഴികളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെ വ്യാപാര കപ്പലുകൾക്ക് കടന്നുപോകാൻ ഇറാൻ ഉയർന്ന ഫീസ് ഈടാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ നേരത്തേ വന്നിരുന്നു. കഴിഞ്ഞ ദിവസമാണ് ഇക്കാര്യം സ്ഥിരീകരിച്ച് ഇറാൻ പ്രതികരിച്ചത്.
ആഗോള എണ്ണ, ദ്രവീകൃത പ്രകൃതിവാതക കയറ്റുമതിയുടെ 20 ശതമാനത്തോളം കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്ക് മാർച്ച് ആദ്യം മുതൽ തടസപ്പെട്ടിരുന്നു. ഇറാനുമായി യുഎസും ഇസ്രേയേലും തുടങ്ങിവച്ച യുദ്ധമാണ് ഹോർമുസിലെ ചരക്കുനീക്കത്തെ ബാധിച്ചത്.
















