കൊല്ലം പുനലൂരിൽ കൈകൊട്ടിക്കളിയുടെ മറവിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയും മകനും പിടിയിൽ. മണിയാർ എരിച്ചിക്കൽ സ്വദേശിനി മിനി, മകൻ ചിക്കുരാജ് (31) എന്നിവർക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. മിനിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു ചിക്കുരാജ് ഒളിവിൽ ആണ്.
2025 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടി പുനലൂരിൽ ഉള്ള കൈകൊട്ടിക്കളി സംഘത്തിൽ ഉള്ളതാണ്. ട്രൂപ്പിന്റെ കോർഡിനേറ്ററാണ് മിനി. മിനിയുടെ മകൻ കുട്ടിയെ എരിച്ചിക്കലിലുള്ള വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
സംഭവം അറിഞ്ഞ രണ്ടാം പ്രതി മിനി പെൺകുട്ടിയുടെ വാടക വീട്ടിലെത്തുകയും പീഡന വിവരം ആരോടും പറയരുതെന്ന് ഭീഷണി പെടുത്തുകയും ചെയ്തു. എന്നാൽ കുട്ടിയുടെ പെരുമാറ്റത്തിൽ വന്ന മാറ്റങ്ങൾ ശ്രദ്ധിച്ച സ്കൂൾ അധികൃതർ കൗൺസിലിംഗ് വഴി കാര്യങ്ങൾ അറിയുകയായിരുന്നു.
ഉടൻ തന്നെ അവർ പോലീസിൽ പരാതി നൽകുകയും പുനലൂർ പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയുമായിരുന്നു. പോക്സോ, ബാലവകാശ നിയമം, പട്ടിക വിഭാഗങ്ങൾക്കെതിരായ അതിക്രമം തുടങ്ങി ഗുരുതര വകുപ്പുകൾ ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുള്ളത്. ഒന്നാം പ്രതി ചിക്കുരാജിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
















