വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ടർമാരെ ഭയപ്പെടുത്തി ബൂത്തിൽ നിന്നുമാറ്റാൻ സി.പി.എം – എസ്.ഡി.പി.ഐ സഖ്യം ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി അമ്പലപ്പുഴ സ്ഥാനാർത്ഥി ജി. സുധാകരൻ. മണ്ഡലത്തിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു.
സി.പി.എം പ്രാദേശിക നേതാക്കളും എസ്.ഡി.പി.ഐ ജില്ലാ നേതൃത്വവും ഒത്തുചേർന്ന് തന്നെ പരാജയപ്പെടുത്താൻ ഗൂഢാലോചന നടത്തുന്നുവെന്നാണ് സുധാകരന്റെ പ്രധാന ആരോപണം. സി.പി.എം ഏരിയ സെക്രട്ടറി, ഏരിയ കമ്മിറ്റി അംഗം, ലോക്കൽ കമ്മിറ്റി അംഗം എന്നിവർക്ക് പുറമെ എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറിയെയും എതിർകക്ഷികളാക്കിയാണ് ഹർജി നൽകിയിരിക്കുന്നത്. ഇരുകൂട്ടരും ചേർന്ന് വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നതായും ബൂത്തിലെത്തുന്നത് തടയാൻ ആസൂത്രിത നീക്കം നടത്തുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ ഇതേ പരാതിയുമായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും ജില്ലാ പോലീസ് മേധാവിയെയും കളക്ടറെയും സുധാകരൻ സമീപിച്ചിരുന്നു. എന്നാൽ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും അനുകൂലമായ നടപടികളോ സുരക്ഷാ ഉറപ്പോ ലഭിക്കാത്ത സാഹചര്യത്തിലാണ് താൻ കോടതിയെ അഭയം പ്രാപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രാദേശിക പോലീസിന്റെ നിസംഗത അക്രമികൾക്ക് തുണയാകുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു.
















