മണിപ്പൂരിൽ ബിഷ്ണുപൂർ ജില്ലയിലെ മൊയ്രാംഗിൽ വീടിന് നേരെ റോക്കറ്റ് ആക്രമണത്തിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടു. അതിർത്തി സുരക്ഷാ സേനാംഗമായ ഓയിനം മലംങ്ഗൻബയുടെ വീടിനു മുകളിൽ റോക്കറ്റ് പതിച്ചാണ് അദ്ദേഹത്തിന്റെ മക്കളായ അഞ്ചുവയസ്സുള്ള കുട്ടിയും അഞ്ചുമാസം പ്രായമുള്ള മറ്റൊരു കുട്ടിയും കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
ഇന്നു പുലർച്ചെ അതിർത്തി പ്രദേശമായ മൊയ്രാംഗിലെ ട്രോങ്ലോബി അവാങ് ലെയ്കായിലാണ് സംഭവം ഉണ്ടായത്. ആക്രമണത്തിൽ രോഷാകുലരായ നാട്ടുകാർ ബിഷ്ണുപൂർ വഴി കടന്നുപോയ രണ്ട് ഓയിൽ ടാങ്കറുകൾക്ക് ഒരു ട്രക്കിനും തീയിട്ടു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാർ പോലീസ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടി.
















