ഹോർമോസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമാകുന്നു. ട്രംപിന്റെ ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന കർശന നിലപാടിലാണ് ഇറാൻ ഭരണകൂടം. രാജ്യത്തെ പ്രതിരോധിക്കാൻ 1.4 കോടിയിലധികം ഇറാനികൾ ജീവൻ ത്യജിക്കാൻ തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ടെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വെളിപ്പെടുത്തി.
തന്റെ ജീവിതം ഇറാനുവേണ്ടി ഉഴിഞ്ഞുവെച്ചതാണെന്നും രാജ്യത്തിന്റെ സുരക്ഷയ്ക്കായി ഏതറ്റം വരെ പോകാനും താൻ സന്നദ്ധനാണെന്നും പെസെഷ്കിയാൻ എക്‌സിൽ കുറിച്ചു. “ഞാൻ എന്റെ ജീവിതം ഇറാനായി സമർപ്പിച്ചവനാണ്. അത് അന്നും ഇന്നും അങ്ങനെതന്നെയാണ്, ഇനിയും മാറ്റമുണ്ടാകില്ല,” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ട്രംപിന്റെ സമയപരിധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ, സമാധാന ചർച്ചകളിൽ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ ഈ പ്രസ്താവന.
ഹോർമോസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങളും വൈദ്യുതി നിലയങ്ങളും ബോംബിട്ട് തകർക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ഇതിനെ പ്രതിരോധിക്കാൻ രാജ്യത്തെ വൈദ്യുതി നിലയങ്ങൾക്ക് ചുറ്റും ‘മനുഷ്യശൃംഖല’ തീർക്കാൻ ഇറാൻ ഊർജ്ജമന്ത്രി യുവാക്കളോട് ആഹ്വാനം ചെയ്തു. രാജ്യത്തെ നിർണ്ണായക കേന്ദ്രങ്ങളെ സംരക്ഷിക്കാൻ ജനങ്ങൾ തന്നെ നേരിട്ട് രംഗത്തിറങ്ങുന്ന സവിശേഷമായ പ്രതിരോധ രീതിയിലേക്കാണ് ഇറാൻ നീങ്ങുന്നത്.
അതേസമയം, ട്രംപിന്റെ ഭീഷണികളെ ഇറാൻ സൈന്യം പൂർണ്ണമായും തള്ളിക്കളഞ്ഞു. ഭീഷണികൾ കൊണ്ട് പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കാനാവില്ലെന്ന് സൈനിക വക്താവ് ഇബ്രാഹിം സോൾഫഖാരി വ്യക്തമാക്കി. അമേരിക്കയുടെയും സയണിസ്റ്റ് ശക്തികളുടെയും സൈനിക-വ്യവസായ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ വിജയകരമായി ആക്രമണം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. യുദ്ധക്കളത്തിലെ തുടർച്ചയായ പരാജയങ്ങളും ആഭ്യന്തര പ്രതിസന്ധികളുമാണ് ട്രംപിനെക്കൊണ്ട് ഇത്തരത്തിൽ പ്രസ്താവനകൾ നടത്തിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
















