കേരള മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച കത്തിന് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി. രാഷ്ട്രീയമായ വിയോജിപ്പുകൾ പ്രകടിപ്പിക്കുമ്പോൾ പിണറായി വിജയൻ ഉപയോഗിച്ച ഭാഷ മാന്യതയില്ലാത്തതാണെന്ന് രേവന്ത് റെഡ്ഡി കുറ്റപ്പെടുത്തി. വിഷയത്തിൽ തന്റെ അവസാനത്തെ പ്രതികരണമാണിതെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം എക്സിലൂടെ കത്ത് പുറത്തുവിട്ടത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ ഒരു ഭരണാധികാരിക്ക് ചേർന്നതല്ലെന്നും നിലവാരമില്ലാത്തതാണെന്നും രേവന്ത് റെഡ്ഡി കത്തിൽ ചൂണ്ടിക്കാട്ടി. “താങ്കൾ ഉപയോഗിച്ച അതേ നിലവാരമില്ലാത്ത ഭാഷയിൽ മറുപടി നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. രാഷ്ട്രീയമായ അന്തസ്സും മര്യാദയും കാത്തുസൂക്ഷിക്കാൻ എനിക്ക് ബാധ്യതയുണ്ട്,” എന്ന് അദ്ദേഹം കുറിച്ചു. പിണറായി വിജയന്റെ വിമർശനങ്ങൾ രാഷ്ട്രീയമായ മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പിണറായി വിജയൻ തെലങ്കാന സന്ദർശിക്കുമ്പോൾ ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി എന്ന നിലയിലും അതിഥി എന്ന നിലയിലും നൽകേണ്ട എല്ലാ ബഹുമാനവും ആതിഥേയ മര്യാദയും ഉറപ്പാക്കുമെന്നും അദ്ദേഹം കത്തിൽ ഉറപ്പു നൽകി.
















