ട്രംപിന്റെ ഭീഷണികളെ ഇറാൻ ഭയപ്പെടുന്നില്ലെന്ന് വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ അരീഫ്. ആയിരക്കണക്കിന് വർഷങ്ങളായി ശത്രുക്കളുടെ ആക്രമണങ്ങളെ ഇറാന്റെ നാഗരികത മറികടന്നുവെന്ന് വൈസ് പ്രസിഡന്റ് പറഞ്ഞു. ഇറാൻ ആശ്രയിക്കുന്നത് രാഷ്ട്രത്തിന്റെ ആന്തരിക ശക്തിയിലാണെന്നും അദേഹം കൂട്ടിച്ചേർത്തു. വൈറ്റ് ഹൗസിലുള്ളത് ‘ഗുണ്ടകൾ’ എന്ന് ഇറാൻ മുൻ മന്ത്രി അബ്ബാസ് അഖൗണ്ടി വിമർശിച്ചു. ഇറാന് നേരെ കൊലവിളി നടത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മറുപടിയുമായമാണ് ഇറാൻ നേതാക്കൾ രംഗത്തെത്തിയത്. ഇനി ഒരിക്കലും തിരിച്ചു വരാനാകാത്ത വിധം ഇറാനെ ഇന്ന് രാത്രി തന്നെ ഇല്ലാതാക്കുമെന്നാണ് ഭീഷണി.
ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ഇറാന്റെ എണ്ണ കേന്ദ്രമായ ഖാർഗ് ദ്വീപിൽ ആക്രമണം. അതിരുകടന്നാൽ പശ്ചിമേഷ്യയുടെ പുറത്തേക്ക് തിരിച്ചടി വ്യാപിപ്പിക്കുമെന്ന് അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്. ഹോർമുസ് കടലിടുക്കിൽ സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബഹ്റൈന്റെ പ്രമേയത്തെ യുഎൻ സുരക്ഷാ കൗൺസിലിൽ ചൈനയും റഷ്യയും വീറ്റോ ചെയ്തു. ഇറാനിൽ ആണവ ആക്രമണം ഉണ്ടാകില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇറാനിലെ സൈനിക നടപടികളെക്കുറിച്ചുള്ള പ്രസ്താവനക്കിടെ വാൻസിന്റെ പരാമർശങ്ങളിൽ ഇറാനെതിരെ യുഎസ് ആണവ ആക്രമണമുണ്ടാകുമെന്ന സൂചനയുണ്ടായിരുന്നില്ലെന്ന് വൈറ്റ് ഹൗസ്. ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത ആയുധം ഉപയോഗിക്കുമെന്നായിരുന്നു വാൻസ് പറഞ്ഞത്. എന്നാൽ അത് ആണവായുധം അല്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
Story Highlights : Iran not afraid of Trump’s threats, says Vice President Mohammad Reza Aref
















