ഇറാനുമായി രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെ തുടച്ചുനീക്കുമെന്ന പ്രഖ്യാപനത്തെത്തുടർന്ന് ലോകത്തെ ആശങ്കയിലാക്കിയ മണിക്കൂറുകൾക്കൊടുവിലാണ് ട്രംപിന്റെ പ്രഖ്യാപനം.
വെടിനിർത്തലിനുള്ള പാക്കിസ്ഥാന്റെ അഭ്യർഥന മാനിച്ചാണ് ഇതെന്നും ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കണമെന്നും സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലെ കുറിപ്പിൽ ട്രംപ് പറഞ്ഞു. രണ്ടാഴ്ചത്തേക്ക് ആക്രമണം നിർത്തിവയ്ക്കുമെന്നും അതിനിടെ ഇറാനുമായി ധാരണയിലെത്താൻ ശ്രമിക്കുമെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി.
അതേസമയം, ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കാൻ ഇറാൻ സമ്മതിക്കുന്നതിനെ ആശ്രയിച്ചാണ് വെടിനിർത്തൽ പൂർണമായും നിലവിൽ വരികയെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്. ആറാം ആഴ്ചയിലേക്ക് കടന്ന യുദ്ധത്തിൽ അയ്യായിരത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇറാനിൽ മാത്രം 1,600-ത്തിലധികം സാധാരണക്കാർ കൊല്ലപ്പെട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു.
















