പാലക്കാടിൽ ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകി സ്വാധിനിക്കുന്നെന്ന ആരോപണവുമായി കോൺഗ്രസ്. പാലക്കാട് ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ പണം വിതരണം ചെയ്യുന്നതിന്റേതെന്ന് ആവകാശപ്പെടുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പ്രവർത്തകർ പുറത്തുവിട്ടു.
ഇന്ന് കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലാണ് സംഭവം നടക്കുന്നത്. കണ്ണാടി മേഖലയിൽ വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ് കോൺഗ്രസ് പുറത്തു വിട്ടിരിക്കുന്നത്. ഒരു വീട്ടിലെ വൃദ്ധയായ സ്ത്രീക്ക് ബിജെപി പ്രവർത്തകർ പണം കൊടുക്കുന്നതും ശോഭാ സുരേന്ദ്രനൊപ്പം കാറിലുണ്ടായിരുന്ന സ്ത്രീയാണ് പുറത്തിറങ്ങി പണം നൽകിയതെന്നും ദൃശ്യങ്ങളിൽ കോൺഗ്രസ് വ്യക്തമാക്കുന്നു.
ദൃശ്യങ്ങൾ പകർത്തിയ കോൺഗ്രസ് പ്രവർത്തകരെ ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. പാലക്കാട് നഗരസഭ മുൻ ചെയർപേഴ്‌സൺ പ്രമീള ശശിധരൻ ഉൾപ്പെടെയുള്ളവർ ശോഭാ സുരേന്ദ്രനൊപ്പം ഉണ്ടായിരുന്നു.പണം വിതരണംചെയ്തത് കൂടാതെ, ഒരു ക്ഷേത്രത്തിന് 50,000 രൂപ നൽകിയതായും തിരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രൻ വിജയിക്കുകയാണെങ്കിൽ പുനരുദ്ധാരണത്തിനായി 10 ലക്ഷം രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്തതായും ആരോപണമുണ്ട്.
















