നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശം വാനോളമുയർത്തി സംസ്ഥാനത്ത് കനത്ത പോളിംഗ് തുടരുന്നു. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് വൈകിട്ട് മൂന്ന് മണി വരെ സംസ്ഥാനത്ത് 62.71 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പോളിംഗ് 50 ശതമാനം പിന്നിട്ടത് വോട്ടർമാരുടെ സജീവ പങ്കാളിത്തം വ്യക്തമാക്കുന്നു. ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ വോട്ടർമാരുടെ നീണ്ട നിരയാണ് ദൃശ്യമാകുന്നത്. നിലവിലെ ട്രെൻഡ് തുടർന്നാൽ പോളിംഗ് 90 ശതമാനം വരെ ഉയർന്നേക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു.
ജില്ലാടിസ്ഥാനത്തിലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ എറണാകുളം ജില്ലയിലാണ് നിലവിൽ ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പത്തനംതിട്ട ജില്ലയിലാണ് പോളിംഗ് ഏറ്റവും കുറവ്. വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ ഈ കണക്കുകളിൽ വലിയ മാറ്റം വരുമെന്നാണ് രാഷ്ട്രീയ പാർട്ടികളുടെ കണക്കുകൂട്ടൽ.
വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പലയിടങ്ങളിലും കള്ളവോട്ട് ആരോപണങ്ങൾ ഉയരുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. മഞ്ചേശ്വരം, പാലക്കാട്, വടക്കാഞ്ചേരി, ഷൊർണൂർ, ഒറ്റപ്പാലം, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലാണ് പ്രധാനമായും കള്ളവോട്ട് പരാതികൾ ഉയർന്നത്. ഒറ്റപ്പാലം മണ്ഡലത്തിലെ മീറ്റ്ന സീനിയർ ബേസിക് സ്‌കൂളിലെ രണ്ട് ബൂത്തുകളിലും പടിഞ്ഞാറേക്കര എൽപി സ്‌കൂളിലെ ഒരു ബൂത്തിലും മറ്റാരോ വോട്ട് ചെയ്തതായി വോട്ടർമാർ പരാതിപ്പെട്ടു. ഇതേത്തുടർന്ന് ഇവർക്ക് ടെൻഡർ വോട്ട് ചെയ്യാൻ ഉദ്യോഗസ്ഥർ അനുമതി നൽകി. അമ്പലപ്പാറ എഎൽപി സ്കൂളിലെ 98-ാം നമ്പർ ബൂത്തിലും സമാനമായ സാഹചര്യം റിപ്പോർട്ട് ചെയ്തു.
ബേപ്പൂർ മണ്ഡലത്തിലെ കൊളത്തറയിൽ വ്യാജ ഐഡി കാർഡുമായി വോട്ട് ചെയ്യാനെത്തിയ ഒരാളെ പിടികൂടിയത് നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു. കൊളത്തറ ആത്മവിദ്യാസംഘം സ്കൂളിലെ 94-ാം നമ്പർ ബൂത്തിൽ അബ്ദുൽ സമദ് എന്ന വോട്ടറുടെ പേരിൽ വോട്ട് ചെയ്യാനെത്തിയ ആളെയാണ് ഏജന്റുമാർ തടഞ്ഞത്. മണലൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിക്കൊപ്പം അനധികൃതമായി മറ്റൊരാൾ കൂടി ബൂത്തിൽ കയറിയെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ സ്ഥാനാർത്ഥിയെ തടഞ്ഞത് നേരിയ സംഘർഷത്തിന് കാരണമായി.തൃപ്പൂണിത്തുറ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പരാതികൾ റിപ്പോർട്ട് ചെയ്തത്.
















