മഹാരാഷ്ട്രയിലെ നാസിക്കിൽ ബഹുരാഷ്ട്ര കമ്പനിയിൽ വനിതാ ജീവനക്കാരെ ലൈംഗികമായി പീഡിപ്പിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ആറുപേർ പിടിയിൽ. കഴിഞ്ഞ നാല് വർഷമായി കമ്പനിക്കുള്ളിൽ നടന്നുവന്ന ക്രൂരതകൾ ഒടുവിൽ പുറത്തായതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്. പ്രതികളിൽ ഒരു ടീം ലീഡറും ഉൾപ്പെടുന്നു.
പ്രതികളിലൊരാൾ സഹപ്രവർത്തകയായ യുവതിക്ക് വിവാഹവാഗ്ദാനം നൽകി വർഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. മറ്റൊരു ജീവനക്കാരിയുടെ വ്യക്തിജീവിതത്തെയും ദാമ്പത്യത്തെയും കുറിച്ച് അശ്ലീല പരാമർശങ്ങൾ നടത്തുകയും ശരീരത്തിൽ അനുചിതമായി സ്പർശിക്കുകയും ചെയ്തതായും പരാതിയിലുണ്ട്. ജീവനക്കാരുടെ ശാരീരിക രൂപത്തെ കളിയാക്കുന്ന തരത്തിലുള്ള അശ്ലീല കമന്റുകൾ പ്രതികൾ സ്ഥിരമായി നടത്തിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി.
ലൈംഗികാതിക്രമങ്ങൾക്ക് പുറമെ, ജീവനക്കാരുടെ മതവികാരം വ്രണപ്പെടുത്തിയതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒരു പുരുഷ ജീവനക്കാരനെ നിർബന്ധിച്ച് നമസ്കരിപ്പിക്കാൻ ശ്രമിക്കുകയും അയാളുടെ മതത്തെ പരസ്യമായി അധിക്ഷേപിക്കുകയും ചെയ്തതായാണ് വിവരം. ലൈംഗിക പീഡനം, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഒമ്പതോളം കേസുകളാണ് നിലവിൽ പ്രതികൾക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തങ്ങൾ നേരിടുന്ന ദുരനുഭവങ്ങളെക്കുറിച്ച് ഇരകൾ കമ്പനിയുടെ ഹെഡ് ഓഫീസർക്ക് പരാതി നൽകിയിരുന്നു. എന്നാൽ പരാതികൾ ഗൗരവമായി എടുക്കുന്നതിന് പകരം ഉന്നത ഉദ്യോഗസ്ഥൻ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ഇരകൾ ആരോപിക്കുന്നു. നീതി ലഭിക്കില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് യുവതികൾ പോലീസിനെ സമീപിച്ചത്.
ചൊവ്വാഴ്ച അഞ്ച് പ്രതികളെയും ബുധനാഴ്ച ഒരാളെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി ഏപ്രിൽ 10 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
















