അബുദാബി ∙ യുഎഇയുടെ സാമ്പത്തിക, ബാങ്കിങ്, ഇൻഷുറൻസ് മേഖലകൾ കരുത്തുറ്റ വളർച്ച കൈവരിച്ചതായി യുഎഇ സെൻട്രൽ ബാങ്കിന്റെ 2025-ലെ വാർഷിക റിപ്പോർട്ട്. രാജ്യത്തിന്റെ തന്ത്രപരമായ ലക്ഷ്യങ്ങൾക്കും ഭാവി പ്രതീക്ഷകൾക്കും അനുസൃതമായി സാമ്പത്തിക വ്യവസ്ഥ മികച്ച പ്രതിരോധശേഷി പ്രകടിപ്പിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴിൽ ആഗോളതലത്തിൽ തന്നെ ഏറ്റവും വൈവിധ്യമാർന്നതും സുസ്ഥിരവുമായ സാമ്പത്തിക മാതൃകയായി യുഎഇ മാറിക്കഴിഞ്ഞുവെന്ന് സെൻട്രൽ ബാങ്ക് ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.
2025-ൽ യുഎഇയുടെ യഥാർഥ ജിഡിപി 5.6 ശതമാനം വളർച്ച രേഖപ്പെടുത്തി. എണ്ണയിതര മേഖലകളിലുണ്ടായ ഗുണപരമായ വികാസമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന ചാലകശക്തി. കൃത്യമായ പണനയങ്ങൾ വഴി പണപ്പെരുപ്പം 1.3 ശതമാനം എന്ന സുരക്ഷിതമായ നിലയിൽ പിടിച്ചുനിർത്താൻ സാധിച്ചു. ഇത് ദേശീയ സമ്പദ്‌വ്യവസ്ഥയുടെ ആഗോള മത്സരക്ഷമത വർധിപ്പിച്ചു. ബാങ്കിങ് മേഖലയുടെ ആസ്തി 5.4 ട്രില്യൻ ദിർഹമായി ഉയർന്നു. വായ്പകളിൽ 17.9 ശതമാനവും നിക്ഷേപങ്ങളിൽ 16.2 ശതമാനവും വർധനവുണ്ടായി. ഇൻഷുറൻസ് മേഖലയും 15.5 ശതമാനം വളർച്ചയോടെ മികച്ച പ്രകടനം കാഴ്ചവച്ചു.
സാമ്പത്തിക രംഗത്തെ ഡിജിറ്റൽ വൽക്കരണത്തിൽ യുഎഇ ആഗോളതലത്തിൽ മുൻപന്തിയിലെത്തി. ഔദ്യോഗിക പണമിടപാട് ഉപാധിയായി ‘ഡിജിറ്റൽ ദിർഹം’ പൂർണരൂപത്തിൽ സജ്ജമാവുകയും ആദ്യ സർക്കാർ ഇടപാടുകൾ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. രാജ്യാന്തര സെറ്റിൽമെന്റുകൾക്കായി ‘ജിസ്ർ’ പ്ലാറ്റ്‌ഫോമും ഓപ്പൺ ഫിനാൻസ് രംഗത്ത് ‘അൽ താരിഖ്’ പ്ലാറ്റ്‌ഫോമും പ്രവർത്തനസജ്ജമായി. കൂടാതെ, ബാങ്കിങ്-ഇൻഷുറൻസ് മേഖലകളുടെ മേൽനോട്ടം ഏകീകരിക്കുന്നതിനായി 2025-ലെ ആറാമത്തെ ഫെഡറൽ ഡിക്രി നിയമം നടപ്പിലാക്കി. നിക്ഷേപകരുടെയും ഇൻഷുറൻസ് പോളിസി ഉടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ സെൻട്രൽ ബാങ്കിന് ഈ നിയമം കൂടുതൽ അധികാരം നൽകുന്നു.
സാമ്പത്തിക മേഖലയിലെ സ്വദേശിവൽക്കരണ പദ്ധതിയായ ‘ഇത്ര’ വഴി 2025-ലേക്ക് നിശ്ചയിച്ചിരുന്ന ലക്ഷ്യത്തിന്റെ 160 ശതമാനം കൈവരിക്കാൻ സാധിച്ചു എന്നത് ശ്രദ്ധേയമാണ്. തന്ത്രപ്രധാനമായ തസ്തികകളിൽ യുഎഇ പൗരന്മാരെ ശാക്തീകരിക്കുന്നതിനായി രാജ്യാന്തര നിലവാരത്തിലുള്ള പരിശീലനങ്ങൾ നൽകിവരുന്നു. ഇതിനൊപ്പം ഇസ്‌ലാമിക് ഫിനാൻസ്, ഹലാൽ വ്യവസായം എന്നിവയ്ക്കായുള്ള ദേശീയ നയവും രാജ്യം നടപ്പിലാക്കി. വരാനിരിക്കുന്ന വർഷങ്ങളിലും സാമ്പത്തിക സ്ഥിരത നിലനിർത്താനും നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കാനും സെൻട്രൽ ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്ന് ഗവർണർ ഖാലിദ് മുഹമ്മദ് ബാലമ വ്യക്തമാക്കി.
















