ഹൊസനഗർ താലൂക്കിലെ ഹുലിക്കൽ ഘട്ടിൽ റോഡ് നിർമ്മാണത്തിനിടെയുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ മൂന്ന് തൊഴിലാളികൾ മരിച്ചു. ശ്രീ ചണ്ഡികാംബ ക്ഷേത്രത്തിന് സമീപം ശനിയാഴ്ചയായിരുന്നു അപകടം. ബാലെബരെ ഘട്ട് എന്നറിയപ്പെടുന്ന ചുരം മേഖലയിൽ റോഡ് വീതികൂട്ടുന്ന ജോലികളിൽ ഏർപ്പെട്ടിരുന്നവരാണ് അപകടത്തിൽപ്പെട്ടത്.
ചുരം മേഖലയിലെ ഹെയർപിൻ വളവുകളിൽ സ്ഥിരമായ തടയണകൾ നിർമ്മിക്കുന്നതിൻ്റെ ഭാഗമായി മണ്ണുമാറ്റുന്ന ജോലികൾ പുരോഗമിക്കവേയാണ് മുകൾഭാഗത്തുനിന്ന് വൻതോതിൽ മണ്ണിടിഞ്ഞുവീണത്. നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾ നിമിഷനേരം കൊണ്ട് മണ്ണിനടിയിൽപ്പെടുകയായിരുന്നു. ചക്കാരു ഗ്രാമ സ്വദേശി രഘു, ഹാവേരി ജില്ലയിലെ നെലഗല്ലു സ്വദേശികളായ ഷബീർ, രാജു എന്നിവരാണ് മരിച്ചതെന്ന് അധികൃതർ സ്ഥിരീകരിച്ചു.
അപകടത്തിൽ പരിക്കേറ്റ മറ്റ് തൊഴിലാളികളെ ഉടൻതന്നെ നാഗരയിലെയും മണിപ്പാലിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.തൊഴിലാളികളുടെ മരണത്തിൽ മുഖ്യമന്ത്രി അതീവ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
















