അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് മണികണ്ഠൻ എന്ന ആദിവാസി യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ ജില്ലാ കളക്ടർ അടിയന്തര തീരുമാനമെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റേതാണ് ഉത്തരവ്.
പട്ടികജാതി-പട്ടികവർഗ്ഗ പീഡന വിരുദ്ധ നിയമപ്രകാരം മണികണ്ഠന് ലഭിക്കേണ്ട ആനുകൂല്യങ്ങളും നഷ്ടപരിഹാരവും ഉറപ്പാക്കാൻ ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസർ വിഷയം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തണം. കാലതാമസം ഒഴിവാക്കാൻ ജില്ലാതല വിജിലൻസ് ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി യോഗം ഉടൻ വിളിച്ചുചേർത്ത് അന്തിമ തീരുമാനമെടുക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 102/2025 നമ്പർ കേസിൽ പോലീസ് അന്വേഷണം പൂർത്തിയാക്കി മണ്ണാർക്കാട് സ്പെഷ്യൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കേസ് നിലവിൽ കോടതിയുടെ പരിഗണനയിലായതിനാൽ, കമ്മീഷൻ ചട്ടപ്രകാരം തുടർനടപടികൾ സ്വീകരിക്കാൻ കഴിയില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതേത്തുടർന്നാണ് നടപടികൾ വേഗത്തിലാക്കാൻ ഭരണകൂടത്തിന് നിർദ്ദേശം നൽകിയത്.
















