വോട്ടെടുപ്പ് കേന്ദ്രത്തിൽ പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്നാരോപിച്ച് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ പരാതി. വോട്ട് രേഖപ്പെടുത്താൻ ബൂത്തിനകത്ത് പ്രവേശിച്ചപ്പോൾ സുരക്ഷാ മാനദണ്ഡങ്ങളും രഹസ്യസ്വഭാവവും ലംഘിച്ചുവെന്നാണ് ആക്ഷേപം. യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ കെ. ഷിജിൽ ആണ് ദൃശ്യങ്ങൾ സഹിതം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
ബൂത്തിനകത്തേക്ക് വോട്ട് ചെയ്യാൻ കയറിയപ്പോൾ സുധാകരൻ ചട്ടവിരുദ്ധമായി അനുയായിയെ കൂടെക്കൂട്ടിയെന്നാണ് പരാതിയിലെ പ്രധാന ആരോപണം. കോൺഗ്രസ് നേതാവ് ജയന്ത് ദിനേശിനൊപ്പമാണ് സുധാകരൻ വോട്ട് രേഖപ്പെടുത്താൻ എത്തിയത്. വോട്ടിന്റെ രഹസ്യാത്മകത കാത്തുസൂക്ഷിക്കേണ്ട ബൂത്തിനകത്ത് മറ്റൊരാളെ പ്രവേശിപ്പിച്ചത് ഗുരുതരമായ വീഴ്ചയാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ബൂത്തിനകത്ത് മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ലെന്ന കർശന നിർദ്ദേശം നിലനിൽക്കെ, സുധാകരൻ വോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതായും പരാതിക്കാരൻ ആരോപിക്കുന്നു. കൂടെയുണ്ടായിരുന്ന ജയന്ത് ദിനേശാണ് ദൃശ്യങ്ങൾ പകർത്തിയത്. ഈ ദൃശ്യങ്ങൾ സഹിതമാണ് യുവമോർച്ച നേതാവ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്.
















