സോഷ്യൽ മീഡിയയിൽ തരംഗമായ വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട പ്രായപൂർത്തി വിവാദത്തിൽ സർക്കാരിനും സി.പി.എമ്മിനുമെതിരെ കടുത്ത വിമർശനവുമായി കെ. മുരളീധരൻ. പെൺകുട്ടിക്ക് വിവാഹപ്രായമായോ ഇല്ലയോ എന്ന് ശാസ്ത്രീയമായി പരിശോധിച്ചു നടപടിയെടുക്കേണ്ടത് സർക്കാരാണെന്നും, രേഖകളുടെ നിജസ്ഥിതി അറിയാതെ രാഷ്ട്രീയ പ്രസ്താവനകൾ നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കാണിക്കുന്ന ആവേശം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണെന്ന് മുരളീധരൻ പരിഹസിച്ചു. “നാല് വോട്ടിന് വേണ്ടി എല്ലാ വശങ്ങളും പരിശോധിക്കാതെ ചാടിക്കയറി അഭിപ്രായം പറയരുത്. ഗോവിന്ദൻ മാഷ് തിരഞ്ഞെടുപ്പ് പ്രമാണിച്ച് ആവേശം കാണിച്ചതാകാം, എന്നാൽ ഒരു വിഷയത്തിൽ ഇടപെടുമ്പോൾ അതിന്റെ ഗൗരവം ഉൾക്കൊള്ളണം,” മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിവാഹം നടന്ന മധ്യപ്രദേശിലെ സർക്കാർ ഈ നീക്കത്തിന് എതിരായിരുന്നു എന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. മധ്യപ്രദേശ് സർക്കാരാണ് നിലവിൽ കേസ് എടുത്തിരിക്കുന്നത്. ഒറിജിനൽ രേഖ ഏതാണ്, പെൺകുട്ടിയുടെ യഥാർത്ഥ പ്രായമെത്ര എന്നതിനെക്കുറിച്ച് വസ്തുനിഷ്ഠമായ അന്വേഷണം നടത്താതെ ഒരു രാഷ്ട്രീയ നേതാവ് ഇത്തരത്തിൽ പ്രതികരിക്കുന്നത് ബാലിശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവാഹത്തെക്കുറിച്ചുള്ള ദുരൂഹതകൾ നീക്കാൻ സർക്കാർ തലത്തിൽ അന്വേഷണം വേണമെന്നാണ് മുരളീധരന്റെ പക്ഷം. രേഖകൾ പരിശോധിക്കുന്നതിന് പകരം വൈകാരികമായ പ്രസ്താവനകൾ നടത്തി വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് മുതിരുന്നത് ജനാധിപത്യത്തിന് ഗുണകരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
















